കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സംവിധായകന്‍ ആഷിഖ് അബു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചലച്ചിത്രമേള വേദിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ സംവിധായകന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണം. എത്ര ഉന്നതനായ ചലച്ചിത്രക്കാരന്‍ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും, ആര് സംരക്ഷിച്ചാലും നമ്മളെല്ലാവരും ഈ സമരം വിജയിക്കുന്നത് വരെ നിങ്ങളുടെ കൂടെയുണ്ട്. അതിപ്പോള്‍ എത്ര സിനിമ സംവിധാനം ചെയ്തു എന്ന് പറഞ്ഞാലും ഇങ്ങനെ പെരുമാറാനുള്ള അവകാശം അവര്‍ക്കില്ല.
ഈ സമരം വിജയിക്കുക തന്നെ ചെയ്യും. കേരളത്തില്‍ എന്നല്ല, ലോകത്തില്‍ ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ക്ക് സ്വര്യമായി പഠിക്കാന്‍ കഴിയണം. ഇവിടുത്തെ യുവജന സംഘടനകള്‍ ഒക്കെ ഇതെല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്?
ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ഉണ്ടല്ലോ. വിദ്യാര്‍ത്ഥികള്‍ ഇവിടെ സമരം ചെയ്യുകയാണ്. രാഷ്ട്രീയ കക്ഷികള്‍ എല്ലാവരും മൗനം പാലിക്കുകയാണ്. സമരം വിജയിക്കുന്നതു വരെ ഞാന്‍ ഒപ്പമുണ്ടാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതില്‍ പ്രതികരിക്കണം.
Read more
ഇതിന് സമാധാനം പറയണം. കുട്ടികളുടെ ചെറിയ ഒരു കാര്യമായിട്ട് ഇത് തളളിക്കളയാന്‍ സാധിക്കില്ല. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുളള എല്ലാവരുടെയും പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവും എന്നാണ് ആഷിഖ് അബു പറയുന്നത്.