അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല; ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ വിവാഹമോതിരം ഉയർത്തിക്കാട്ടി അഭിഷേക് ബച്ചൻ

ബോളിവുഡിലെ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ബോളിവുഡിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹം കൂടിയായിരുന്നു ഐശ്വര്യയുടേതും അഭിഷേക് ബച്ചന്റേതും. എന്നാൽ ഇരുവരും വേർപിരിഞ്ഞുവെന്നും, ബച്ചൻ കുടുംബത്തോട് അകന്നാണ് ഐശ്വര്യ കഴിയുന്നതെന്നുമുള്ള പ്രചാരണങ്ങൾ ബോളിവുഡ് മാധ്യമങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്.

2007-ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. വിവാഹമോതിരം ഉയർത്തികാട്ടിയാണ് അഭിഷേക് പ്രതികരിച്ചത്.
എല്ലാ കാര്യങ്ങളും ഊതിപെരുപ്പിച്ച് കൊടുക്കുന്നത് ബോളിവുഡ് മാധ്യമങ്ങളാണെന്നും തനിക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ലെന്നുമാണ് അഭിഷേക് ബച്ചൻ പറയുന്നത്.

“അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി.” എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ അഭിഷേക് പറഞ്ഞത്.

അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതും ചർച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.