ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന രീതിയില്‍ ആയിരുന്നു നോട്ടം.. മമ്മൂട്ടി പെട്ടെന്ന് എന്റെ പുറത്തടിച്ചു: ബാല

മലയാള സിനിമയിലെ സ്‌റ്റൈലിഷ് മേക്കിംഗ് ആയിരുന്നു അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’. സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ എന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

എന്നാല്‍ സിനിമ എന്ന് വരുമെന്നുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇതിനിടെ ബിഗ് ബിയിലെ പല കാര്യങ്ങളും ഇപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. നടന്‍ ബാല പങ്കുവച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സഹോദരന്‍ മരിച്ച സീന്‍ ചെയ്യുന്നതിനിടെ മമ്മൂട്ടി തന്റെ പുറത്ത് തല്ലിയതിനെ കുറിച്ചാണ് ബാല പറഞ്ഞിരിക്കുന്നത്.

”ബിഗ് ബിയില്‍ സഹോദരന്‍ മരിച്ച സീന്‍ എടുക്കുകയാണ്. സീനില്‍ ഞാനും മമ്മൂട്ടിയും മനോജ് കെ ജയനും മംമ്ത മോഹന്‍ദാസും ഉണ്ട്. പൊതുവേ തമിഴില്‍ ഇത്തരം സീനില്‍ കരയുന്ന പോലെ ആ സിനില്‍ ഞാന്‍ ഇരുന്നു കരയുന്നു. പെട്ടെന്ന് മമ്മൂട്ടി എന്റെ പുറത്ത് അടിച്ചു എന്നിട്ട് എന്നെ തന്നെ നോക്കി നിന്നു.”

”അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ നില്‍ക്കുമ്പോഴാണ് മനസിലായത് അദ്ദേഹം ആ സീനില്‍ അഭിനിയച്ചതാണെന്നത്. ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന രീതിയിലാണ് ആ നോട്ടം അര്‍ത്ഥമാക്കിയത്. ആ സീന്‍ തിയേറ്ററില്‍ കണ്ടപ്പോഴാണ് അതിന്റെ ഭംഗി എനിക്ക് മനസിലായത്” എന്നാണ് ബാല ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.