അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

ചാമ്പ്യൻസ് ട്രോഫിയുടെ വരാനിരിക്കുന്ന എഡിഷനിൽ ജസ്പ്രീത് ബുംറ പൂർണ ആരോഗ്യവാനായിരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസ്. ഒരു ബാറ്റർക്കും ബുംറയെ നേരിടാൻ എളുപ്പമാകില്ലെന്നും അദ്ദേഹം ഉണ്ടെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളർ ആകുമെന്നും വഖാർ യൂനിസ് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്ക് പറ്റിയ ബുംറ നിലവിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ ബുംറക്ക് ഇടമില്ല. ഏകദിന പരമ്പരയിലും നിലവിലെ സാഹചര്യത്തിൽ ബുംറ കളിച്ചേക്കില്ല.

ക്രിക്കറ്റ് പാകിസ്ഥാൻ ഡോട്ട് പികെ ഉദ്ധരിച്ച് അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വഖാർ പറഞ്ഞു.

“ഒരു ബാറ്ററും അവനെ എളുപ്പത്തിൽ നേരിടില്ല. ക്രിക്കറ്റ് ലോകത്തിന് അദ്ദേഹത്തെപ്പോലുള്ള കളിക്കാരെ ആവശ്യമുണ്ട്, ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം പൂർണ ആരോഗ്യവാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2017 ചാമ്പ്യൻസ് ട്രോഫി പതിപ്പിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. എന്നിരുന്നാലും ആ ടൂർണമെന്റിൽ താരത്തിന് പാകിസ്ഥാനെതിരെ മാത്രം തിളങ്ങാൻ സാധിച്ചിരുന്നില്ല.