പ്രിയപ്പെട്ട കന്യാസ്ത്രീകളെ, സത്യത്തില്‍ ഉറച്ചു നിന്ന നിങ്ങള്‍ക്ക് മുമ്പില്‍ കോടതി വിധി നാണം കെട്ട് തലകുനിച്ചിരിക്കുന്നു: ജിനോ ജോണ്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജിനോ ജോണ്‍. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണിന്റെ പ്രതികരണം പങ്കുവച്ചാണ് ജിനോ ജോണിന്റെ പ്രതികരണം. ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി.. എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സത്യത്തിനൊപ്പം ഉറച്ചു നിന്ന കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ കോടതി നാണിച്ച് തല കുനിച്ചിരിക്കുകയാണ് എന്നാണ് ജിനോ പറയുന്നത്.

ജിനോ ജോണിന്റെ കുറിപ്പ്:

ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി..!
‘എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പുറത്തു വരുന്ന പ്രതിയെ ഉമ്മവക്കുന്നവര്‍ അറിയാതെ എങ്കിലും ആ വെള്ളിമാലയില്‍ തൂങ്ങിയാടുന്ന ക്രൂശിതനെ ഒന്ന് പാളി നോക്കണം. അതില്‍ കര്‍ത്താവിന്റെ കണ്ണടഞ്ഞിട്ടുണ്ടോ എന്ന്…Jinto John ..’
പാവപ്പെട്ടവനും, സാധാരണക്കാര്‍ക്കും, പീഡിതര്‍ക്കും ,പീഡനകേസുകളിലെ ഇരകള്‍ക്കുവേണ്ടിയും അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്ന രാഷ്ട്രിയ പാര്‍ട്ടികളും, രാഷ്ട്രീയ നേതാക്കന്മാരും ഒരുപാടു ഉള്ളിടത്ത് മുകളില്‍ പ്രസ്താവിച്ചപ്പോലെ പ്രതികരിക്കാന്‍ ചങ്കുറ്റം കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ അഭിനന്ദിക്കുന്നു…!
രാഷ്ട്രീയ പുലികളും, ആദര്‍ശധീരരും പ്രതികരിക്കാന്‍ മടിക്കുന്ന,പേടിക്കുന്നിടത്ത് താങ്കള്‍ പ്രതികരിച്ചത് ഇന്നത്തെ ചിന്തിക്കുന്ന യുവതലമുറക്ക് മുന്നോട്ടുള്ള യാത്രയില്‍ മുതല്‍കൂട്ടാകട്ടെ..!
തന്നെ ബിഷപ്പ് പീഡീപ്പിച്ചുവെന്ന് പറഞ്ഞത് ഇരയായ കന്യാസ്ത്രീയായിരുന്നു.., അത് സത്യമാണെന്ന് പറഞ്ഞ സാക്ഷികളായ കന്യാസ്ത്രീകള്‍ മൊഴികളില്‍ ഉറച്ച് നിന്നിട്ടും.. പറഞ്ഞതിനെല്ലാം വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇന്ന് കോടതി വിധി മറ്റൊന്നായി… പീഢന വീരനായ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു..!

വ്യക്തമായതും, സത്യമായതും ആയ തെളിവുകളുണ്ടായിട്ടും, തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുന്ന കോടതി, പീഢന വീരനെ വെറുതെ വിട്ടെങ്കില്‍, പണ കൊഴുപ്പുള്ള ആത്മീയ നേതൃത്വത്തിന്റെ കോടികള്‍ വാങ്ങി വിധി നടപ്പാക്കിയെന്നു വേണം മനസിലാക്കാന്‍…!
‘നിലപാടുകളുടെ രാജകുമാരനായി ജനങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന PT തോമസ് MLA ഇന്നേ ദിവസം ജീവിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു…!’
പ്രതികരിക്കാന്‍ മുട്ടിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇന്ന് കാണുമ്പോള്‍ അങ്ങുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ വിധിക്കെതിരെ ആദ്യം പ്രതികരിക്കുന്നത് അങ്ങ് ആയിരിക്കുമെന്നതില്‍ എനിക്ക് സംശയമില്ല…!
സഭാ നേതൃത്വം വെച്ചു നീട്ടുന്ന കോടികള്‍ക്കനുസരിച്ച് വിധി നടപ്പാക്കുന്ന കോടതികള്‍ ഈ 2022 ലും, നിലനില്‍ക്കുന്നുവെന്നതിന് മറ്റൊരു തെളിവിനി വേണ്ട..!
സ്ത്രീയെ മോശമായ രീതിയില്‍ പോലും നോക്കിയാല്‍ സ്ത്രീയുടെ പരാതിയുണ്ടെങ്കില്‍ കേസെടുക്കാം എന്ന് നിയമമുള്ള നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയ നേരിട്ട് ബലാല്‍ക്കാരം നടത്തിയ ഒരു ബിഷപ്പ് രക്ഷപ്പെട്ടിരിക്കുന്നു….!

ആദര്‍ശ ധീരന്മാര്‍ ഒരുപാടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു..!
സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യം കൊടുക്കുമെന്ന് കാലങ്ങളായി അവകാശപ്പെടുന്ന കേരള ഗവണ്‍മെന്റിന് ഒന്നും പറയാനില്ല…!
അവര്‍ സഭാ നേതൃത്വത്തിന്റെ അടിമകളായി മാറിയിരിക്കുന്നു..!
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് പീഢന പരമ്പരകള്‍ ആവര്‍ത്തിക്കുന്ന ചില പുരോഹിതര്‍ക്ക് , എന്തായാലും ഈ വിധി പുതിയൊരു ഊര്‍ജ്ജം പകരും..!
തിരുവസ്ത്രമിട്ട് എന്ത് പോക്കിരിത്തരം കാണിച്ചാലും രക്ഷപ്പെടാന്‍ പാവപ്പെട്ടവരില്‍ നിന്ന് പിരിച്ചെടുത്ത കോടികള്‍ സഭക്ക് മുലധനമായി ഉള്ളിടത്തോളം കാലം ഏത് കോടതി വിധിക്കും തങ്ങള്‍ക്ക് അനുകൂലമാക്കാം എന്ന കാര്യത്തില്‍ ഒരു ഉറപ്പ് കിട്ടിയിരിക്കുന്നു.
ഈ വിധി അവര്‍ക്കൊരു മുതല്‍കൂട്ടാകും….!

പീഢന പരമ്പരകള്‍ എത്ര ആവര്‍ത്തിച്ചാലും സഭാ നേതാക്കന്മാരെ രക്ഷപെടുത്താനിനി പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ മുഴങ്ങും….!
അതില്‍ ഇരയായ സ്ത്രീകള്‍ കൊടുത്ത മൊഴി മാറ്റാനായി മാനനാന്തരമുണ്ടാകട്ടെയെന്ന് ഇനി പള്ളിമേടകളില്‍ പ്രാര്‍ത്ഥനകളുയരും..!
കുറച്ച് നാള് കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ അദ്ഭുത വാഹനായ പുണ്യാളനായി പീഢക വീരനെ വാഴ്ത്തിപ്പാടും….!
അത് വിശ്വസിക്കുന്ന ഒരു വിശ്വാസ(അന്തവിശ്വാസ) സമൂഹം എന്നും കേരളത്തിലുണ്ടാകും…!
അവര്‍ക്ക് പ്രാര്‍ത്ഥന ചൊല്ലനായി, കാരണങ്ങളായി പീഢന പരമ്പരകള്‍ സഭാ മേടകളില്‍ ആവര്‍ത്തിക്കപ്പെടും…!
കോടതികള്‍ മോടി കൂട്ടി വിധികള്‍ പണത്തിനനുകൂലമായി എന്നും ഇവിടെ ഉണ്ടാകും…!
അടിമകളായി കുറെ രാഷട്രീയ പാര്‍ട്ടികളും, നേതൃത്വങ്ങളും..!

ദൈവവും.. കോടതിയും, തോറ്റിടടത്ത് കോടികള്‍ ജയിച്ചിടത്ത്… തോറ്റു പോയാലും എന്റെ ഹൃദയത്തിന്റെ നിങ്ങളുണ്ടാകും..,നിങ്ങള്‍ പറഞ്ഞ സത്യങ്ങള്‍ എല്ലാം കാലം നിലനില്‍ക്കും..പ്രിയപ്പെട്ട കന്യാസ്ത്രീകളെ പീഡിപ്പിച്ചവന്റെ വലിപ്പം നോക്കാതെ, അവന്‍ വെച്ച് നീട്ടിയ കോടികള്‍ തട്ടിയെറിഞ്ഞ്, ഭീഷണികള്‍ക്ക് വഴങ്ങാതെ സത്യത്തില്‍ ഉറച്ച് നിന്നവരെ, നിങ്ങള്‍ക്ക് മുന്‍പിലിന്ന് നമ്മുടെ നാട്ടിലെ കോടതി വിധി നാണം കെട്ട് തലകുനിച്ചിരിക്കുന്നു…!
അവസാനമായി തുടങ്ങിയിടത്തു തന്നെ നിറുത്തീടാം…ഈ വര്‍ഷത്തെ മികച്ച വാക്കുകള്‍ കടമെടുക്കുന്നു….
‘എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച പുറത്തു വരുന്ന പ്രതിയെ ഉമ്മവക്കുന്നവര്‍ അറിയാതെ എങ്കിലും ആ വെള്ളിമാലയില്‍ തൂങ്ങിയാടുന്ന ക്രൂശിതനെ ഒന്ന് പാളി നോക്കണം. അതില്‍ കര്‍ത്താവിന്റെ കണ്ണടഞ്ഞിട്ടുണ്ടോ എന്ന്…Jinto John ..’
സത്യം ജയിക്കും..സത്യമേ ജയിക്കാവൂ.. അതിനായി നമുക്ക് കാത്തിരിക്കാം…!
‘കാര്‍മേഘം എത്ര മറച്ചാലും മറനീക്കി സൂര്യനുദിച്ച് വരുന്നതു പോലെ സത്യം ഒരിക്കല്‍ പുറത്ത് വരും തീര്‍ച്ച..!

Read more