'അമ്മ'യുടെ അടിത്തറയിളക്കും എന്ന വീരവാദം മുഴക്കിയവരല്ല, നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല ഇവര്‍: സിദ്ദിഖ് പറയുന്നു

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ വാശിയേറുന്നു. അമ്മയുടെ ഔദ്യോഗിക പാനലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് നടന്‍ സിദ്ദിഖ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കത്ത് മുഖാന്തരമാണ് നടന്‍ തന്റെ സഹപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. സംഘടനയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ മധു, ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങിയവര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന്റെ കത്ത്:

പ്രിയമുള്ള സഹപ്രവര്‍ത്തകരെ, അമ്മയുടെ 10-ാമത് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വരുന്ന 19-ാം തീയതി നടക്കുകയാണല്ലോ. 2 വൈസ് പ്രസിഡന്റുമാരെയും, 11 എക്‌സിക്യൂട്ടീവ് മെമ്പര്‍മാരയുമാണ് നിങ്ങള്‍ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കേണ്ടത്. നിങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം നിങ്ങള്‍ വിനിയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിക്കൊള്ളട്ടെ. 1996 ല്‍ രൂപപ്പെട്ട ‘അമ്മ’ എന്ന സംഘടന 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഈ വലിയ കാലയളവിനിടയില്‍ അമ്മയ്ക്കുണ്ടായ നേട്ടങ്ങള്‍, അമ്മ ചെയ്ത സദ്പ്രവര്‍ത്തികള്‍, സഹായങ്ങള്‍ ഒന്നും ഇവിടെ എടുത്തു പറയണ്ട ആവശ്യമില്ല. അതെല്ലാം നിങ്ങള്‍ ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എങ്ങിനെയാണ് അമ്മ വളര്‍ന്നത് ഇത്രയും അംഗങ്ങള്‍ക്കും താങ്ങും തണലുമാകാന്‍, ഇത്രയും ആളുകളെ സഹായിക്കാന്‍, ഇതര സംഘടനങ്ങള്‍ക്ക് എല്ലാം അസൂയ തോന്നുന്ന വിധത്തില്‍ വളരാന്‍ എങ്ങിനെയാണ് അമ്മയ്ക്ക് സാധിച്ചത്? ആലോചിച്ചിട്ടുണ്ടോ? ഉത്തരം വളരെ ലളിതമാണ്.

ഓരോ കാലയളവിലും അമ്മയെ നയിച്ച, അമ്മയുടെ ഭരണചക്രം തിരിച്ച് നമ്മുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും, കറകളഞ്ഞ അര്‍പ്പണബോധവും തന്നെയാണ് അമ്മ എന്ന സംഘടനയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം ചെയ്തുമാണ് അവര്‍ ഈ സംഘടനയെ ഇത്രയും വളര്‍ത്തിയതും വലുതാക്കിയതും. അതിനു വേണ്ടി സര്‍വ്വശ്രീ. മധു, ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങിയവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

അമ്മയിലെ ഓരോ അംഗവും അവരോട് ആയുഷ്‌കാലം കടപ്പെട്ടിരിക്കുന്നു. ഇനിയും അമ്മ ഈ നിലയില്‍ മുന്നോട്ടു പോകണമെങ്കില്‍ അമ്മയുടെ ഭരണം സുരക്ഷിത കരങ്ങളില്‍ തന്നെ ആയിരിക്കണം എന്ന് നമ്മള്‍ ഒരാരുത്തരും ആഗ്രഹിക്കുന്നു. 2018- 21 ഭരണസമിതി ഒഴിയുന്നതിന് മുമ്പ് ഞങ്ങള്‍ അമ്മയിലെ പല അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമാണ് ഭരണസമിതിയിലെ സ്ത്രീ സാന്നിധ്യം കുറച്ചു കൂടി ശക്തമാക്കണം എന്നത്. അതിന്റെ ഭാഗമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2 സ്ത്രീകളും എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് 5 സ്ത്രീകളും എന്ന തീരുമാനം രൂപപ്പെടുന്നത്.

അതിനു വേണ്ടി മുന്‍ വൈസ് പ്രസിഡന്റുമാരായിരുന്ന ശ്രീ ഗണേഷ്‌കുമാറും ശ്രീ. മുകേഷും ആ സ്ഥാനങ്ങളില്‍ നിന്നും പിന്മാറാന്‍ സന്നദ്ധരായി. എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ പിന്മാറുകയും പുതിയ ചിലരെ ചേര്‍ത്ത് 11 പേരുടെ ഒരു പട്ടികയും തയ്യാറായി. ആ പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു. ഇവരില്‍ ആരെയൊക്കെ തെരഞ്ഞെടുക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നേരിട്ട് അറിയുന്നവരാണ് ഇവരെല്ലാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല.

അമ്മയുടെ തലപ്പത് ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന മോഹനവാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല. ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു പരിചയമുള്ളവര്‍. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍. ഞങ്ങളൊരുമിച്ച് കാത്താല്‍ അമ്മയിലെ ഓരോ അംഗങ്ങള്‍ക്കു വേണ്ടി ഇനിയും ഒരുപാട് നന്മകള്‍ ചെയ്യാനാവും എന്ന പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക്. തീരുമാനിക്കാം നിങ്ങള്‍ക്ക്. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സിദ്ധിഖ്.

Read more