അന്ന് മമ്മൂട്ടിയുടെ ഡയലോഗുകൾക്ക് ഞാൻ കൂവുമായിരുന്നു: സൂരി

സഹനടനും കോമഡി താരവുമായി തിളങ്ങി നിന്ന് പിന്നീട് വെട്രിമാരൻ ചിത്രം ‘വിടുതലൈ’ എന്ന ചിത്രത്തിലൂടെ നായകനായി ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് സൂരി. വിടുതലൈക്ക് ശേഷം നിരവധി ഗംഭീര പ്രൊജക്ടുകളാണ് സൂരിയെ തേടിയെത്തിയത്. പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത് സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘കൊട്ടുകാളി’ കഴിഞ്ഞവർഷത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയിൽ സജീവമാകുന്നതിന് മുൻപ്, സിനിമകൾ കണ്ടുനടന്ന കാലത്തെ അനുഭവം പങ്കുവെക്കുകയാണ് സൂരി. കടുത്ത രജനികാന്ത് ആരാധകനായ താൻ ദളപതി സിനിമ കാണാൻ പോയപ്പോൾ രാജനികാന്തിനെതിരെ മമ്മൂട്ടി ഡയലോഗുകൾ പറയുന്ന സമയത്ത് കൂവിവിളിക്കുമായിരുന്നു എന്നാണ് സൂരി പറയുന്നത്.

“ഞങ്ങളുടെ നാടായ മധുരൈയിൽ നിന്ന് ഓരോ സിനിമക്കും ആളുകൾ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുമായിരുന്നു. എനിക്കും അങ്ങനെ പോകണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ മറുമലർച്ചി സിനിമയുടെ ഷൂട്ടിന് വേണ്ടി ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് ചോദിച്ച് ആളുകൾ വന്നത്. വീട്ടിലൊക്കെ ചോദിച്ച് ഒരുവിധത്തിൽ സമ്മതം വാങ്ങി തിരുവണ്ണാമലൈയിലേക്ക് പോയി. ഞാൻ വിചാരിച്ചതിനെക്കാൾ വലിയ ലൊക്കേഷനയിരുന്നു അത്. മമ്മൂട്ടി സാറായിരുന്നു അതിലെ നായകൻ. മമ്മൂട്ടി സാറിനെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ അന്തം വിട്ട് നിന്നുപോയി.

പെട്ടന്ന് എന്റെ ഓർമ ദളപതി സിനിമ ഇറങ്ങിയ സമയത്തേക്ക് പോയി. ആ സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ മമ്മൂട്ടി വരുന്ന സീനിലൊക്കെ ഞാനും കൂട്ടുകാരും നിർത്താതെ കൂവുമായിരുന്നു. രജിനികാന്ത് അല്ലാതെ വേറെ ആരുടെയും ശബ്ദം കേൾക്കാൻ പാടില്ല എന്ന വാശിയായിരുന്നു ആ സമയത്ത്. ഒടുവിൽ നാട്ടുകാർ ഞങ്ങളെ പൊലീസിന്റെ കൈയിൽ ഏല്പിക്കുമെന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. ഈ മനുഷ്യന്റെ ഡയലോഗിനാണല്ലോ ഏന്ന് കൂവിയത് എന്നായിരുന്നു മമ്മൂട്ടി സാറിനെ കണ്ടപ്പോൾ തോന്നിയത്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സൂരി പറഞ്ഞത്.

ആർ. എസ് ദുരൈസെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ ആണ് സൂരിയുടെ ഏറ്റവും പുതിയ ചിത്രം. വെട്രിമാരന്റേതാണ് ചിത്രത്തിന്റെ കഥ. മെയ് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.