മോഹന്‍ലാലിന് എന്തുകൊണ്ട് ഉത്തരമില്ല?.. അവര്‍ എന്നോടും മോശമായി പെരുമാറി, അയാളുടെ മുഖത്തടിച്ച് ആ മലയാള സിനിമയില്‍ നിന്നും ഇറങ്ങി: കസ്തൂരി

തനിക്കും മലയാള സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും അപമര്യാദയായി പെരുമാറി. ഇതിനെതിരെ താന്‍ പ്രതികരിച്ചുവെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നുമാണ കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്.

സംവിധായകന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും ആവശ്യത്തിന് താന്‍ വഴങ്ങുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് മോശമായി പെരുമാറിയത് എന്നും കസ്തൂരി വ്യക്തമാക്കി. അതേസമയം, മോഹന്‍ലാലും സുരേഷ് ഗോപിയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോടും ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാത്തതിന് എതിരെയും കസ്തൂരി സംസാരിച്ചു.

മോഹന്‍ലാലിന് എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് പറയാന്‍ മോഹന്‍ലാല്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? അമ്മയില്‍ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടര്‍മാരോട് ഉത്തരവാദിത്തമുണ്ട്.

കേരളത്തിലെ ജനങ്ങളോട് തുറന്ന് സംസാരിക്കണം. ഒളിച്ചുവയ്ക്കാന്‍ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോര്‍ട്ടാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, രഥോത്സവം ഉള്‍പ്പെടെ നല്ല സിനിമകള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഷൂട്ടിംഗ് സെറ്റില്‍ നിന്നും താന്‍ പോയി. മോശം മനുഷ്യര്‍ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നും കസ്തൂരി വ്യക്തമാക്കി.