കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അനുഭവം പങ്കുവച്ചു കൊണ്ടാണ് മിയ സംസാരിച്ചത്. അന്ന് തന്നെ ആശ്വസിപ്പിച്ച ഒരു മനുഷ്യന്‍ ഇതുപോലെയുള്ള അധിക്ഷേപം നേരിടാന്‍ പാടില്ല. നെഗറ്റിവ് ഒട്ടുമില്ലാത്ത വളരെ പോസിറ്റിവായും സ്‌നേഹത്തോടെയും ഇടപെടുന്ന നല്ല അധ്യാപകനാണ് അദ്ദേഹം. എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട് എന്നാണ് മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
മിയയുടെ വാക്കുകള്‍:
ആര്‍എല്‍വി രാമകൃഷ്ണന്‍ സാറിനെതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരാള്‍ സംസാരിക്കുന്നൊരു വീഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണന്‍ സാറിനെ കുറിച്ച് എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവയ്ക്കണമെന്നു തോന്നി. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്താണ്. പാലായില്‍ കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു. അവിടെ വച്ച് മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവമാണ്. മോഹിനിയാട്ട മത്സരത്തിന് ഒന്നാമതായി ഞാന്‍ സ്റ്റേജില്‍ കയറി കളിച്ചു. എട്ട് എട്ടരയായപ്പോഴേക്കും പാട്ടു നിന്നുപോയി.
പക്ഷേ പാട്ട് ഇല്ലാതെ ഞാനത് പൂര്‍ത്തിയാക്കി. സാങ്കേതിക തകരാറ് മൂലമോ കര്‍ട്ടണ്‍ താഴെ വീണുപോകുകയോ ചെയ്താണ് പ്രകടനം നിര്‍ത്തേണ്ടി വന്നതെങ്കില്‍ ആ കുട്ടിക്ക് വീണ്ടും അവസരം കൊടുക്കണമെന്നൊരു നിയമമുണ്ട്. എന്റെ മമ്മി അത് വന്ന് അധികൃതരോട് സംസാരിച്ചു. അങ്ങനെ വീണ്ടും കളിക്കാനുള്ള അവസരം കിട്ടി. ഇനിയും അഞ്ചാറ് പേര്‍ മത്സരത്തിനുണ്ടായിരുന്നു. അങ്ങനെ ഗ്രീന്‍ റൂമില്‍ പോയി വിശ്രമിക്കുന്നതിനിടെ രാമകൃഷ്ണന്‍ സാറിനെ കണ്ടു. രാമകൃഷ്ണന്‍ സര്‍ എനിക്കൊപ്പം മത്സരിക്കുന്ന ഒരു കുട്ടിയെ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
‘മോള് വിശ്രമിക്ക്, വെള്ളം വേണോ എന്നു ചോദിച്ചു. സമാധാനമായി ടെന്‍ഷന്‍ ഒന്നും ഇല്ലാതെ പോയി മത്സരിക്കൂ’ എന്ന് പറഞ്ഞ് എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അപ്പോള്‍ പേരൊന്നും അറിയില്ലായിരുന്നു. കലാഭവന്‍ മണിയുടെ സഹോദരനാണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. അങ്ങനെ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. പിന്നീട് മത്സരത്തിന്റെ ഫലം വന്നപ്പോള്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു.
ആ സമയത്ത് സാറിന്റെ കുട്ടിക്കെതിരെ മത്സരിക്കാനുള്ള ആളായിട്ട് പോലും എന്നെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ് രാമകൃഷ്ണന്‍ സര്‍. ആ കുട്ടിക്ക് കഴിക്കാന്‍ വച്ചിരുന്ന ഓറഞ്ച് പോലും എനിക്ക് കഴിക്കാന്‍ തന്നു. ഇതൊക്കെ മമ്മിയുടെ അടുത്തും അധ്യാപകരുടെ അടുത്തും ഞാന്‍ പറഞ്ഞു. നെഗറ്റിവ് ഒട്ടുമില്ലാത്ത വളരെ പോസിറ്റിവായും സ്‌നേഹത്തോടെയും ഇടപെടുന്ന നല്ല അധ്യാപകനാണ് അദ്ദേഹം. ആ സമയത്ത് ഞാന്‍ നടിയായിട്ടൊന്നുമില്ല. ഈ സംഭവം എന്നെയും കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു. അങ്ങനെയുള്ള ഒരു മനുഷ്യന്‍ ഇതുപോലെയുള്ള അധിക്ഷേപം നേരിടാന്‍ പാടില്ല. എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട്.
View this post on Instagram