വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ് എംഎല്‍എ. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടിയിലാണ് സംഭവം. ഉടന്‍ തന്നെ വിഷ്ണുനാഥിനെ യുഡിഎഫ് പ്രവര്‍ത്തകന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോഡ് ഷോ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പിസി കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു.

Read more

രാഹുലിനെ കൂടാതെ ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍, പികെ ഫിറോസ് എന്നിവരും പിസി വിഷ്ണുനാഥിനൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു. കനത്ത ചൂടും ശരിയായി ഭക്ഷണം കഴിക്കാതിരുന്നതുമാണ് വിഷ്ണുനാഥിന്റെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിച്ചതിന് പിന്നാലെയാണ് എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.