'ഇവളെ കത്തിക്കണം, ഇവള്‍ മനുഷ്യ ജന്മം ആണോ, അവളുടെ ഒരു മുടി..' എന്നൊക്കെയാണ് പറയുന്നത്, എന്റെ അച്ഛന് എന്റെ പേര് പോലും ശരിക്ക് അറിയില്ല: അന്ന ചാക്കോ

സ്റ്റാര്‍ മാജിക് പ്രോഗ്രാമിലും സീരിയലുകളിലും സജീവമാണ് നടി അന്ന ചാക്കോ. ചുരുണ്ട മുടിയുള്ള അന്ന താന്‍ അത് കാരണം അനുഭവിച്ച പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ബോഡി ഷെയ്മിംഗിന്റെ എക്‌സ്ട്രീം അനുഭവിച്ച ആളാണ് താന്‍ എന്നാണ് അന്ന ജോഷ് ടോക്‌സില്‍ പറയുന്നത്.

”സമാധാനം എന്താണെന്ന് അറിയാത്ത കുട്ടിക്കാലമായിരുന്നു എന്റേത്. 16-17 വയസില്‍ ആയിരുന്നു അമ്മയുടെ വിവാഹം. സാധാരണ മനുഷ്യരെ പോലെയൊരു ആളായിരുന്നില്ല അച്ഛന്‍. എന്നെയും എന്റെ ചേട്ടനെയും എടുത്ത് ആത്മഹത്യ ചെയ്യാന്‍ പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്, അത്രയും മോശം അവസ്ഥയായിരുന്നു. സത്യത്തില്‍ എന്റെ മുഴുവന്‍ പേരോ, ഞാന്‍ എന്താണ് ചെയ്യുന്നതെന്നോ പോലും ഇപ്പോഴും എന്റെ അച്ഛന് അറിയില്ല.”

”കുട്ടിക്കാലത്ത് അമ്മയ്ക്ക് ഞങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് ജോലിക്ക് പോകേണ്ടി വന്നിട്ടുണ്ട്. അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികള്‍ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്റെ തലമുടി ഇങ്ങനെ ഇരിക്കുന്നത് കാരണം നീഗ്രോ, കാപ്പിരി തുടങ്ങിയ പേരുകള്‍ ആയിരുന്നു എനിക്ക്. എന്നെ കാണാന്‍ ഇത്രയും വികൃതമാണോ എന്ന് എനിക്ക് തന്നെ തോന്നിയിരുന്നു.”

”ഡിഗ്രിക്ക് എറണാകുളത്ത് പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യാന്‍ പോയി തുടങ്ങുന്നത്. അതിനിടെ പാര്‍ട്ട് ടൈമായി വെയ്റ്റര്‍ ജോലിയും ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയിലേക്ക് കടന്നപ്പോഴും മുടി കാരണം പരിഹാസവും ഒഴിവാക്കലും ഉണ്ടായിട്ടുണ്ട്. അവളെ കത്തിക്കണം, അവളുടെ മുടി, ഇവള്‍ മനുഷ്യ ജന്മം ആണോ എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ഞാന്‍ ഫ്രീക്ക് കളിച്ചിട്ട് ഉണ്ടാക്കിയ മുടി അല്ല ഇത് ദൈവം തന്ന അവസ്ഥ ആണ്.”

”ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ ഞാന്‍ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ സന്തോഷത്തിന് വേണ്ടിയാണ് ജീവിക്കുന്നതും. എന്നാല്‍ നല്ലൊരു സാമ്പത്തിക സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. അത് എത്തും, എന്നിട്ട് വേണം എനിക്ക് അമ്മയുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാന്‍. അമ്മ ഇപ്പോഴും വീട്ടുജോലിക്കടക്കം പോകുന്നുണ്ട്” എന്നാണ് അന്ന പറയുന്നത്.