ഈ അപൂര്‍വ നിമിഷത്തില്‍ ലാല്‍ സാറിനൊപ്പം ഉണ്ടാകാന്‍ സാധിച്ചത് തന്നെ പുണ്യം; ആന്റണി പെരുമ്പാവൂര്‍

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് ഷൂട്ടിംഗ് ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ച് അദ്ദേഹം തന്നെയാണ് സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.

ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാണ്.

“ഈ അപൂര്‍വ നിമിഷത്തില്‍ ലാല്‍ സാറിനൊപ്പം ഉണ്ടാകാന്‍ സാധിച്ചത് തന്നെ പുണ്യം… ലാല്‍ സര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി കരുതുന്നു.. മുപ്പതിലധികം വര്‍ഷമായി ലാല്‍ സാറിനൊപ്പം, സിനിമയുടെ വിസ്മയക്കാഴ്ചകള്‍ക്കൊപ്പം, തുടരുന്ന യാത്ര..ഇനിയും ഈ യാത്ര തുടരാനുള്ള ദൈവനുഗ്രഹവും അതുപോലെ പ്രേക്ഷക പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയോടെ….. ബറോസിന്റെ യാത്രയും ഇവിടെ തുടങ്ങുന്നു….”. – ആന്റണി കുറിച്ചതിങ്ങനെ.

കഴിഞ്ഞ വര്‍ഷം അവസാനം ബറോസ് തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടു പോകുകയായിരുന്നു. ഇതിനിടയില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ടീമിനൊപ്പം പൃഥ്വിരാജും നവോദയയില്‍ എത്തിച്ചേര്‍ന്നിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.