അപ്പു സ്‌പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണ്, പൈസയൊന്നും കിട്ടില്ല: സുചിത്ര മോഹന്‍ലാല്‍

മറ്റ് താരപുത്രന്മാരില്‍നിന്ന് വ്യത്യസ്തനമാണ് പ്രണവ് മോഹന്‍ലാല്‍. തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി ചുറ്റിനടക്കുകയാണ് താരത്തിന്റെ ഹോബി. ഇപ്പോള്‍ പ്രണവ് എവിടെയാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍. അപ്പു സ്‌പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണെന്നും കൂടുതലൊന്നും അറിയില്ലെന്നും സുചിത്ര രേഖ മേനോനും ആയിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ ഞാന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്.

നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ അവന്‍ സ്പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍.

രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണ്ല്ലോ എന്ന് തോന്നി

ഇപ്പോള്‍ സ്പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല.

അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക- സുചിത്ര പറഞ്ഞു.

Read more