ശമ്പളമോ സമ്മാനമോ തന്നിരുന്നെങ്കില്‍ എനിക്ക് മാത്രമേ സന്തോഷം തോന്നുകയുള്ളൂ.. എന്നാല്‍ മമ്മൂക്കയുടെ കൈയടിയാണ് വലിയ അംഗീകാരം: ആസിഫ് അലി

‘റോഷാക്ക്’ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രത്തിന് മമ്മൂട്ടി കൈയ്യടിച്ചതാണ് ഏറ്റവും വലിയ അംഗീകാരമായി തോന്നിയതെന്ന് ആസിഫ് അലി. ചിത്രത്തില്‍ മുഖം മൂടി അണിഞ്ഞ് നടക്കുന്ന ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് അലി വേഷമിട്ടത്.

സിനിമ റിലീസ് ചെയ്ത ഒരാഴ്ച പിന്നിട്ടപ്പോഴാണ് മുഖം മൂടിക്കുള്ളില്‍ ആസിഫ് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ റിലീസിന് മുന്നേ പുറത്തുവിട്ട ടീസറിലെ കണ്ണുകളിലൂടെ തന്നെ പ്രേക്ഷകര്‍ തന്നെ കണ്ടുപിടിച്ചിരുന്നു എന്നും ആസിഫ് അലി പറയുന്നുണ്ട്.

മമ്മൂട്ടി കൈയ്യടിച്ച് അഭിനയത്തെ മനസിലാക്കി എന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ചിലപ്പോള്‍ ആ ചെയ്ത വേഷത്തിന് ഒരു ശമ്പളമായിട്ടോ സമ്മാനമായിട്ടോ എന്തെങ്കിലും തന്നിരുന്നെങ്കില്‍ തനിക്ക് മാത്രമേ സന്തോഷം തോന്നുകയുള്ളൂ. എന്നാല്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷം തന്നു.

നിസാം ബഷീറും സമീറും കഥ പറയുമ്പോള്‍ തന്റെ ശബ്ദവും മുഖവും ഒന്നുമില്ല, താന്‍ ആണോയെന്ന് മനസിലാവാന്‍ പോലും സാധ്യതയില്ല എന്ന് പറഞ്ഞു. എന്നാല്‍ അത് ഇത്ര ഇംപാക്ടുണ്ടാക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ മാത്രമേ അത് പ്രേക്ഷകര്‍ക്ക് മനസിലാവുകയുള്ളു എന്നാണ് വിചാരിച്ചത്.

എന്നാല്‍, സിനിമയുടെ ടീസറില്‍ നിന്നും കണ്ണുകള്‍ മനസിലാക്കി താനാണ് വില്ലനെന്ന തീരുമാനത്തില്‍ പലരും എത്തി. മലയാളികള്‍ തന്നെ അത്രത്തോളം മനസിലാക്കുന്നു എന്നത് വലിയ അംഗീകാരമാണ്. തന്നെ സംബന്ധിച്ച് എല്ലാം സിനിമയാണ്. ഒരു സിനിമയ്ക്ക് തന്നെ കൊണ്ട് ഒരു ഗുണമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാകും എന്നാണ് ആസിഫ് അലി പറയുന്നത്.