ഇടപ്പള്ളി സിഗ്നല്‍ പണ്ടേ പേടിസ്വപ്‌നമാണ്.. സുരേഷേട്ടന്‍ അന്നൊരു ഡ്രൈവറെ വട്ടം പിടിച്ച് വിറപ്പിക്കുകയായിരുന്നു: ആസിഫ് അലി

കൊച്ചി ഇടപ്പള്ളി സിഗ്നലില്‍ വച്ച് ആദ്യമായി സുരേഷ് ഗോപിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് നടന്‍ ആസിഫ് അലി. സിനിമയില്‍ എത്തുന്നതിന് മുമ്പേ തന്നെ സുരേഷ് ഗോപിയെ കണ്ടിരുന്നു. സിഗ്നല്‍ തെറ്റിച്ച ഡ്രൈവറെ വട്ടം പിടിച്ച് വച്ച് വിറപ്പിക്കുന്ന രംഗമാണ് താന്‍ കണ്ടത് എന്നാണ് ആസിഫ് അലി പറയുന്നത്. അദ്ദേഹം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ആസിഫ് പറയുന്നുണ്ട്.

”സുരേഷ് ഏട്ടനെ ഞാനാദ്യം കാണുന്നത് ഇടപ്പള്ളി സിഗ്നലില്‍ വച്ചാണ്. ലുലുമാള്‍ വരുന്നതിന് മുമ്പും ഇടപ്പള്ളി സിഗ്നല്‍ ഒരു പേടി സ്വപ്നമാണ്. അവിടെ റെഡ് ലൈറ്റ് കത്തിയ സമയത്ത് റോഡിലെന്തോ ഒരു തിരക്ക് കാണുന്നു. ഞാന്‍ വണ്ടിയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ കാണുന്നത് സുരേഷ് ഗോപിയെ.”

”ഇടപ്പള്ളി സിഗ്നലില്‍ നിന്ന് സിഗ്‌നല്‍ തെറ്റിച്ചു വന്ന ഒരു പ്രൈവറ്റ് ബസ്സുകാരനെ പേടിപ്പിക്കുകയാണ്. അദ്ദേഹം അയാളോട് ഷൗട്ട് ചെയ്യുകയാണ്. സിഗ്നല്‍ തെറ്റിച്ച ഡ്രൈവറുടെ വണ്ടിയ്ക്ക് വട്ടം വച്ച് വിറപ്പിക്കുകയാണ്. ഞാനന്ന് സിനിമയില്‍ വന്നിട്ടില്ല, എനിക്കും വലിയ ചോരത്തിളപ്പുള്ള കാലമാണ്.”

”ഒരു ശങ്കര്‍ സിനിമ കാണുന്ന ഫീലായിരുന്നു അത്. നേരിട്ട് ഇറങ്ങി അന്യായത്തെ ചോദ്യം ചെയ്യുന്ന ഒരു നായകന്‍, ആ രീതിയിലാണ് ഞാന്‍ ആദ്യം സുരേഷേട്ടനെ കണ്ടത്. അതൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്” എന്നാണ് ആസിഫ് അലി മനോരമ ടിവിയുടെ നേരെ ചൊവ്വയില്‍ പറഞ്ഞത്.

അതേസമയം, ‘ലെവല്‍ ക്രോസ്’ എന്ന ചിത്രമാണ് ആസിഫിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സംവിധായകന്‍ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അര്‍ഫാസ് അയൂബ് ആണ്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.