ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

സിനിമാ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച ശേഷം മൂന്ന് മാസത്തോളം താന്‍ ബെഡ് റെസ്റ്റില്‍ ആയിരുന്നുവെന്ന് നടന്‍ ആസിഫ് അലി. ‘ടിക്കി ടാക്ക’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആസിഫ് അലിക്ക് അപടകടം സംഭവിച്ചത്. അപകടത്തെ കുറിച്ച് തന്റെ പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുത്ത ശേഷമാണ് ആസിഫ് അലി പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ മുട്ടിന് താഴെ പരിക്കേല്‍ക്കുക ആയിരുന്നു. ”ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയില്‍ ഒരു ആക്‌സിഡന്റ് പറ്റിയതാണ്. സര്‍ജറി ഉണ്ടായിരുന്നു.”

”മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്” എന്നാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. അതേസമയം, ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയാണ് കഴിഞ്ഞ ദിവസം നടന്നത്. ‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണിത്.