'ആവേശം' കണ്ടിട്ട് ഗുണ്ടകളെല്ലാം ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു, സ്‌മോക്കിംഗ് തുടങ്ങുന്നു എന്നൊക്കെയാണ് പറയുന്നത്..: ആസിഫ് അലി

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആസിഫ് അലി ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. പിന്നീട് കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക്, സാൾട്ട് ആന്റ് പെപ്പെർ, ഓർഡിനരി, മാള് സിംഗ് തുടങ്ങീ ചിത്രങ്ങളിലൂടെ കരിയറിന്റെ തുടക്കകാലത്ത് തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു.

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സിനിമകളെ കുറിച്ചും സിനിമ സമൂഹത്തെ സ്വാധീനിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. ആവേശം കണ്ടിട്ട് ഗുണ്ടകളെല്ലാം കൂടി ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നതെന്നും, ഇതിനെ മാത്രമാണ് ഹൈലൈറ്റ് ചെയ്യുന്നതെന്നും, ഇതിന് അപ്പുറത്ത് ഒരു നല്ല വശമുണ്ടെന്നും ആസിഫ് അലി പറയുന്നു.

“സിനിമ കണ്ടിട്ട് കുട്ടികള്‍ വഴിതെറ്റുന്നു, സ്‌മോക്കിങ് തുടങ്ങുന്നു, ലൈഫ് സ്റ്റൈല്‍ കോപ്പി ചെയ്യുന്നു, ആവേശം കണ്ടിട്ട് ഗുണ്ടകളെല്ലാം കൂടി ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മാത്രമേ നമ്മള്‍ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. ഇതിന്റെ ഒരു നല്ല വശം വേറെ ഉണ്ട്. സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍, എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ മതിയെന്ന ഒരു ഡയലോഗുണ്ട്.

സത്യം പറഞ്ഞാല്‍ ആ ഡയലോഗ് എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഞാന്‍ ആ ഡയലോഗ് കണ്ടപ്പോള്‍ പല കാര്യങ്ങളും ചിന്തിച്ചിട്ടുണ്ട്. നമ്മളും അങ്ങനെ റിയാക്ട് ചെയ്യുന്ന ആള്‍ക്കാരാണ്. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ ഒരു പൊട്ട മൂഡിലാണെങ്കില്‍ നമുക്കരികിലേക്ക് വരുന്ന ആളോട് ഒരു ആവശ്യവും ഇല്ലാതെ ചിലപ്പോള്‍ തട്ടിക്കയറിയേക്കാം. അത് ആ സമയത്തെ നമ്മുടെ മൂഡാണ്.

അത്തരത്തില്‍ സിനിമയിലുള്ള നല്ല കാര്യങ്ങളും ആളുകളെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ സമ്മതിക്കുന്നില്ല. മോശം മാത്രമാണ് എല്ലാവരും പറയുന്നത്. ഞാന്‍ ബി ടെക് ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ റിലീസും കഴിഞ്ഞ് അതൊരു വലിയൊരു ഹിറ്റായി സന്തോഷത്തില്‍ ഇരിക്കുന്ന സമയമാണ്. ഞാന്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ മകന്‍ ഒരു സ്‌ട്രോ കട്ട് ചെയ്ത് വായില്‍വെച്ച് ഡെനീം ഷര്‍ട്ടുമിട്ട് ഇങ്ങനെ പുകവലിക്കുന്ന രീതിയില്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുകയാണ്.

ഇതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ആനന്ദ് സുബ്രമണ്യം എന്ന് പറഞ്ഞു. കയ്യിലുള്ളത് സിഗരറ്റ് ആണെന്നും പറഞ്ഞു. അത്രയും ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റും. രണ്ട് രീതിയിലും പറ്റും. ഇതില്‍ എന്റെ സൈഡ് സിനിമയെ സിനിമയായി കാണുക എന്നതാണ്. നമ്മള്‍ കള്ളനായി അഭിനയിക്കുകയാണെങ്കില്‍ അത് കള്ളനായിരിക്കണം. എന്റെ ഐഡിയോളജി ഇതാണ്, ഞാനൊരു നന്മയുള്ള കള്ളനാകാം എന്ന് പറയാനാവില്ല. ഉയരെയിലെ ഗോവിന്ദ് ചെയ്യുമ്പോള്‍ ഞാന്‍ ഇമേജ് കോണ്‍ഷ്യസ് ആയി എനിക്ക് ആസിഡ് ഒഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ ആ സിനിമയല്ല. അപ്പോള്‍ സിനിമയെ സിനിമയായി കാണുക.

ഉയരെയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് കഴിഞ്ഞ് സമ തിയേറ്ററില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു ആന്റി വന്നിട്ട് ആസിഫിനോട് നല്ല സിനിമയാണെന്ന് പറയണമെന്നും പക്ഷേ ഇവന്റെ ഉള്ളില്‍ ഇതൊക്കെയുണ്ട് അതുകൊണ്ടാണല്ലോ അവന്‍ ഇത് കാണിക്കുന്നത് എന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്നവരുണ്ട്.” എന്നാണ് പേളി മാണി ഷോയിൽ ആസിഫ് അലി പറഞ്ഞത്.

ജിസ് ജോയ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രം തലവന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൂടാതെ ആസിഫ് അലി- അമല പോൾ- ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ലെവൽക്രോസ്’ റിലീസിനൊരുങ്ങുകയാണ്.

ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.