അത് കുറച്ച് ഓവറായിപ്പോയില്ലേയെന്ന് എനിക്കും തോന്നി: ആസിഫ് അലി

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതിനിടെ ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. അതെല്ലാം തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും, അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, കേട്ടപ്പോൾ കുറച്ച് ഓവർ ആയില്ലേയെന്ന് തനിക്ക് തോന്നിയെന്നും ആസിഫ് അലി പറയുന്നു.

“ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിൻ്റെ ഭാ​ഗമാണ്. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്.” ആസിഫ് അലി പറയുന്നു.

ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ‘ലെവൽ ക്രോസ്’ ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.

സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.