ഭരണപരാജയം പത്മാവതില്‍ ആരോപിക്കുന്നതെന്തിന് ? കര്‍ണ്ണിസേനയുടെ അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് സാമി

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം പത്മാവതിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളില്‍ വ്യാപക അക്രമമാണ് കര്‍ണ്ണിസേന അഴിച്ചുവിട്ടത്. ഹരിയാനയില്‍ സ്‌കൂള്‍ ബസിനു നേരെ കര്‍ണ്ണി സേന കല്ലെറിഞ്ഞത് രാജ്യമെമ്പാടും വ്യാപക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ ഇത്തരം സംഭവങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്
നടന്‍  അരവിന്ദ് സാമി.

ഒരു പ്രദേശത്ത് ക്രമസമാധാന നില തകര്‍ന്നാല്‍ അവിടെ രാഷ്ട്രപതി ഭരണം വരികയാണ് വേണ്ടത്. നിങ്ങള്‍ക്ക് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവുന്നില്ലെങ്കില്‍. നിങ്ങളുടെ ഭരണപരാജയമെന്തിന് പത്മാവതിന്റെ തലയില്‍ കെട്ടിവയ്ക്കണം. അരവിന്ദ് സാമി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

Read more

ഒരു സിനിമയുടെ പേരില്‍ കുട്ടികള്‍ക്കു നേരെ അക്രമം നടത്തിയതിനെ വിമര്‍ശിച്ച് നടി രാധിക ശരത് കുമാറും ട്വീറ്റ് ചെയ്തു.സിനിമ പ്രദര്‍ശനം തടയാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്നാണ് കര്‍ണ്ണി സേന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമം നടത്തിയത്. ഹരിയാനയില്‍ സ്‌കൂള്‍ ബസിനു നേരെ കല്ലേറുണ്ടായപ്പോള്‍ ബസിന്റെ സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധകര്‍ അക്രമം നടത്തി.