'ഞാനൊരു മലയാളി, വര്‍ഗീയലഹള ഉണ്ടാക്കിയ ശേഷം എനിക്ക് കേരളത്തില്‍ വന്ന് താമസിക്കാനാവില്ല; ' ലൗ ജിഹാദ് വിവാദത്തില്‍ സംവിധായകന്‍

ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ലവ് ജിഹാദി’നെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. സംവിധായകനും സിനിമയ്ക്കും എതിരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.

സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ നെഗറ്റീവ് കമെന്റുകള്‍ വരുന്നത് സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Read more

‘ഞാനൊരു മലയാളിയാണ്. ഒരു വര്‍ഗീയ ലഹളയുണ്ടാക്കിയ ശേഷം എനിക്ക് നാളെ കേരളത്തില്‍ വന്ന് താമസിക്കാന്‍ കഴിയില്ല. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഒരു മതത്തിനും എതിരല്ല. അടുത്ത ടീസര്‍ ഇറക്കുന്നതിന് മുമ്പ് ഉള്ളടക്കം സെന്‍സര്‍ ചെയ്തുവേണം ഇനി ഇറക്കാന്‍. ലവ് ജിഹാദ് എന്ന പേരിനെതിരേയും ആക്രമണം നടക്കുന്നുണ്ട്. ജിഹാദ് എന്ന വാക്കിന് വലതുപക്ഷം നല്‍കിയ വ്യാഖ്യാനം തെറ്റാണ്. സിനിമ കാണുന്നതിന് മുമ്പ്, മുന്‍വിധിയുണ്ടാവുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ അസ്വസ്ഥമാക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയല്ല ഞാന്‍ ചെയ്യുന്നത്, ഒരു സിനിമയെടുക്കുകയാണ്. പ്രബുദ്ധരായ മലയാളികള്‍ക്ക് വേണ്ടിയാണ് സിനിമയെടുക്കുന്നത്.’ അത് കണ്ടു കഴിഞ്ഞ ശേഷം ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.