‘കറി ആന്റ് സയനൈഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഉള്ളൊഴുക്ക്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാലാണ്. നേരത്തെ കറി ആന്റ് സയനൈഡ്, ഭ്രമയുഗം എന്നെ ചിത്രങ്ങൾക്കും ഷെഹ്നാദ് ജലാലായിരുന്നു ക്യാമറ ചലിപ്പിച്ചിരുന്നത്.
ഇപ്പോഴിതാ ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഷെഹ്നാദ് ജലാൽ മൂന്ന് ഏക്കറോളം വരുന്ന പറമ്പിൽ വെള്ളം കെട്ടിനിർത്തിയാണ് ചിത്രം ഷൂട്ട് ചെയ്തത് എന്നാണ് ഷെഹ്നാദ് ജലാൽ പറയുന്നത്. കൂടാതെ ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നതെന്നും ഷെഹ്നാദ് ജലാൽ പറയുന്നു.
“മഴയ്ക്കും വെള്ളക്കെട്ടിനും പ്രത്യേക ശ്രദ്ധ നൽകാതെ, കഥാപാത്രങ്ങളുടെ പശ്ചാത്തലസാമഗ്രിയായാണ് ഉപയോഗിച്ചിരിക്കുന്നത്. അപൂർവമായാണ് വീടിന് പുറത്തുള്ള വൈഡ് ഷോട്ടുകൾ വരുന്നത്. പക്ഷെ വീടിനുള്ളിലെയും മുറ്റത്തെയും ഷോട്ടുകൾക്ക് വേണ്ടി ഏറെ തയ്യാറെടുപ്പുകളും അധ്വാനവും നടത്തിയിട്ടുണ്ട്. മൂന്ന് ഏക്കറോളം വരുന്ന പറമ്പിൽ വെള്ളം കെട്ടിനിർത്തുക എന്നത് ശ്രമകരമായിരുന്നു.
ആർട്ട് ഡയറക്ടർ ബാവയുടെ നേതൃത്വത്തിലാണ് അത് ചെയ്തത്. ആ ഭൂപ്രദേശത്തിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് വെള്ളം അങ്ങനെ നിലനിർത്താൻ സാധിച്ചത്. പലപ്പോഴും കൃത്രിമമഴയും ഉപയോഗിച്ചിട്ടുണ്ട്. ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്.
ഒരു ഷോട്ട് ഏറ്റവും നന്നായി എടുക്കുക എന്ന ലക്ഷ്യത്തോടെ, തോളോടുതോൾ ചേർന്ന് വർക്ക് ചെയ്യുന്നവരാണ് നമ്മുടെ ഇൻഡസ്ട്രിയിലുള്ളത്. എല്ലാവരുടെയും കൂട്ടായ അധ്വാനമാണ് ആ ഷോട്ടുകൾ സാധ്യമാക്കിയത്.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ഷെഹ്നാദ് ജലാൽ പറഞ്ഞത്.
അതേസമയം കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.
2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.