ഇവരും ഒരു സ്ത്രീയല്ലേ, ഇങ്ങനെ പറയാന്‍ എങ്ങനെ സാധിക്കുന്നു, മുഖ്യമന്ത്രി നിലപാട് പറയണം: ശ്രീലേഖയ്‌ക്ക് എതിരെ ദീദി ദാമോദരന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കിയെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിനെ വിമര്‍ശിച്ച് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. ശ്രീലേഖയുടെ ആരോപണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ ശ്രീലേഖക്ക് എങ്ങനെ ഈ രീതിയില്‍ സംസാരിക്കാന്‍ കഴിയുന്നുവെന്ന് ദീദി ദാമോദരന്‍ വിമര്‍ശിച്ചു. പൊലീസിനെതിരായ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിലപാട് പറയണം. ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണത്തില്‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു.

ഇതിന് പുറമേ ആര്‍ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.

Read more

കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം.