ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷം ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന സിനിമയാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 7ന് ആയിരുന്നു ഒ.ടി.ടിയില്‍ എത്തിയത്. സിനിമ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അത് ശരിയാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ധ്യാന്‍ ശ്രീനിവാസന്.
ഷൂട്ട് ചെയ്യുന്ന സമയം മുതലേ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്. ഒ.ടി.ടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുമ്പെ തോന്നിയ കാര്യങ്ങളാണ് എന്നതാണ് വാസ്തവം. ചേട്ടന് ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല.
അദ്ദേഹം അത് മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് സിനിമയുടെ അവസാന ഭാഗത്ത് ചേട്ടന് ഡ്രൈവറായി വരുന്നുണ്ട്. ഇതില്‍ വേറൊരാളെ ഡ്രൈവറുടെ വേഷത്തില്‍ വയ്ക്കണമെന്ന് തുടക്കം മുതല്‍ ഞാന്‍ ചേട്ടനോട് പറഞ്ഞിരുന്നു. പുള്ളി എഴുതിയ കഥ, ഞാനും ചേട്ടനും അഭിനയിക്കുന്നു. ചിലപ്പോള്‍ വേറൊരാളെ വച്ചിരുന്നെങ്കില്‍ അവിടെയും ആ ക്ലീഷേ വരില്ലായിരുന്നു.
എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചൊരു കോമ്പോ വേണമെന്നത് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന് നിര്‍ബന്ധമായിരുന്നു. ചേട്ടന് ആ റോള്‍ ചെയ്യാന്‍ ഒരു താല്പര്യവുമില്ലായിരുന്നു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു.
എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. എന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്.
ലാല്‍ അങ്കിള്‍ ഡേറ്റും കൊടുത്തതാണ്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാന്‍ മാറ്റി. അന്ന് കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു. എന്നിരുന്നാലും ഫസ്റ്റ് ഹാഫില്‍ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസന് സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോര്‍മുല സിനിമയാണിത്.
ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് ഫെസ്റ്റിവല്‍ ആണ്. ‘ആവേശം’ അടിക്കുമെന്ന് ഉറപ്പാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കണ്ടേ. നിന്റെ തള്ളു കേട്ടിട്ടല്ലെ ഞങ്ങള്‍ തിയറ്ററില്‍ പോയതെന്ന് പറഞ്ഞ് കുറേ തെറി ഞാന്‍ കേട്ടു. ഞാന്‍ ഒരു തരത്തിലും തള്ളിയിട്ടില്ല എന്നാണ് ധ്യാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.