കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അപകടം നടന്നത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം ഭക്തരുടെ സംഘത്തിലെ ഒരാള്‍ എല്‍പിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്.

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ എല്ലാവരെയും കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്തര്‍ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ തീ ആളിപ്പടര്‍ന്നതോടെ ഭക്തര്‍ മുറിക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു.