ആശാനേ എന്നാണ് മമ്മൂട്ടി വിളിച്ചിരുന്നത്, ഇന്ന് വിളിക്കാറില്ല, പെെസ ചോദിക്കാനാണെന്ന് വിചാരിച്ചാലോ: സംവിധായകന്‍ സ്റ്റാന്‍ലി ജോസ്

മലയാള സിനിമയില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകനാണ് സ്റ്റാന്‍ലി ജോസ്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് സംവിധായകന്‍. തനിക്ക് ഇപ്പോള്‍ വര്‍ക്ക് ഇല്ലെന്ന് അറിഞ്ഞിട്ടും ആരും തന്നെ വിളിക്കാറില്ല എന്നാണ് സ്റ്റാന്‍ലി ഇപ്പോള്‍ പറയുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ പ്രതികരിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ‘പടയോട്ട’ത്തില്‍ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് മമ്മൂട്ടിയുടെ രണ്ടാമത്തെ പടമാണ്. അന്ന് താനും മമ്മൂട്ടിയുമൊക്കെ ഒരുമിച്ചാണ് ചായ കുടിക്കാനുമൊക്കെ ഇറങ്ങി നടന്നിരുന്നത്.

അവിടെ ഒരു അണക്കെട്ട് ഒക്കെ ഉണ്ടായിരുന്നു. അതിന്റെ അവിടെയൊക്കെ പോകും. അന്ന് എന്നെ എല്ലാരും ആശാനേ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ‘മേള’ രണ്ടു ലക്ഷം നേടിയെന്നൊക്കെ കേട്ടു എന്നൊക്കെ പറഞ്ഞ് എന്നോട് സംസാരിച്ചു. അത് മമ്മൂട്ടിയുടെ ആദ്യത്തെ പടമാണ്. അന്ന് മമ്മൂട്ടിയുടെ പൊസിഷന്‍ അതാണ്.

പിന്നീട് മമ്മൂട്ടി വലിയ നടനായി. പ്രതീക്ഷിക്കാത്ത വിധത്തില്‍ വളര്‍ന്നു. ഒരു സമയത്തൊക്കെ എല്ലാവരോടും തന്നെ അന്വേഷിച്ചു എന്നൊക്കെ പറഞ്ഞു വിടുമായിരുന്നു മമ്മൂട്ടി. ലാലിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഇന്ന് മമ്മൂട്ടിയും അങ്ങനെയൊന്നുമില്ല.

അവസാനം കാണുന്നത് കിംഗിന്റെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഗള്‍ഫില്‍ ഒരു പരിപാടിയുടെ ഭാഗമായുള്ള ഷൂട്ടിനിടയ്ക്ക് ആണ്. അന്ന് താന്‍ മാറി നിന്നപ്പോള്‍ ആശാനേ എന്താണ് മാറി നില്‍ക്കുന്നത് എന്നൊക്കെ ചോദിച്ച് വിളിച്ചു. പിന്നീട് അങ്ങനെ കണ്ടിട്ടില്ല.

Read more

ഒരു കാര്യവുമില്ലാതെ താന്‍ കാണുകയോ വിളിക്കുകയോ ഒന്നുമില്ല. എന്തെങ്കിലും സാമ്പത്തിക സഹായത്തിനാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിക്കും. മമ്മൂട്ടിയെ എന്നല്ല. ആരെ വിളിച്ചാലും അങ്ങനെ വിചാരിക്കും. അതുകൊണ്ട് വിളിക്കാറില്ല എന്നാണ് സംവിധായകന്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.