മലയാളത്തിലെ വമ്പൻ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ട്വന്റി- ട്വന്റി. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി സൂപ്പർ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു. ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ് ട്വന്റി- ട്വന്റി എന്നാണ് ഇടവേള ബാബു പറയുന്നത്. കൂടാതെ ഈ സിനിമ എങ്ങനെയാണ് എടുത്തത് എന്നറിയാൻ തെലുങ്കർ തന്നെ വിളിച്ച് കൊണ്ടുപോയി എന്നും ഇടവേള ബാബു പറയുന്നു.
“ട്വന്റി- ട്വന്റി ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ്. എങ്ങനെ സംഭവിച്ചു എന്നറിയില്ല. മൂന്നരക്കൊല്ലത്തോളം ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളാണ് ഞാൻ.
വലിയൊരു ടീമിന്റെ ശക്തിയായിരുന്നു അത്. ദിലീപായിരുന്നു പ്രൊഡ്യൂസർ. ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ഇതിന്റെ പകർപ്പവകാശം വിറ്റു. ഹൈദരാബാദിലെ തെലുങ്കർ എന്നെ വിളിച്ച് കൊണ്ടുപോയി. എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് അറിയാൻ വേണ്ടി
മൂന്ന് ദിവസം അവിടെ താമസിച്ച് കഥകളൊക്കെ പറഞ്ഞതോടെ അടുത്ത ഫ്ലെെറ്റ് ടിക്കറ്റ് തന്ന് എന്നെ പറഞ്ഞയച്ചു. ഇങ്ങനെയാെരു സിനിമയുണ്ടാക്കുകയെന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല. പതിനേഴ് ഷെഡ്യൂളുകളായി ഏകദേശം 96 ദിവസമാണ് സിനിമ ഷൂട്ട് ചെയ്തത്. ഒരു ദിവസം ഒരു ഷെഡ്യൂൾ ഒക്കെയുണ്ടായിട്ടുണ്ട്.
ജോഷി സാറുടെ വലിയ കൈകൾ അതിന് പിന്നിലുണ്ട്. മനോഹരമായ സ്ക്രിപ്റ്റ് ആണ്. ഓരോരുത്തരും കൃത്യമാണ്. നമ്മൾ കാണാനാഗ്രഹിക്കുന്നത് പോലെയാണ് എല്ലാവരെയും അതിൽ കാസ്റ്റ് ചെയ്തത്.
ലാലേട്ടന്റെ ചെരുപ്പ് വെക്കുന്ന ഷോട്ട് എടുക്കുന്നു. രാവിലെ മുതൽ ഉച്ചവരെ ഈ ഷോട്ട് ആണ്. എന്തോന്നാണിത്, എല്ലാവരെയും വിളിച്ചിരുത്തിയിട്ട് ചെരുപ്പും ഷൂട്ട് ചെയ്തിരിക്കുന്നെന്ന് അപ്പോൾ മമ്മൂക്ക പറയുന്നുണ്ട്. ചെരുപ്പ് ഷൂട്ട് ചെയ്യുന്നതിന്റെ രഹസ്യം ഞങ്ങൾ കുറച്ച് പേർക്കേ അറിയുള്ളൂ. ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ സീനാണിത്. ഇന്റർവെൽ പഞ്ചിൽ സുരേഷേട്ടൻ മുകളിൽ നിന്നിറങ്ങി വരണം.
മൂന്ന് പേരും നിൽക്കുന്നതായിരുന്നു പഞ്ച്. പക്ഷെ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് അത് റീ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് സുരേഷേട്ടൻ ചോദിച്ചു.പക്ഷെ ജോഷി സർ സമ്മതിച്ചില്ല അങ്ങനെയൊരു ചരിത്രം ആ സീനിനുണ്ട്.
Read more
ട്വന്റി ട്വന്റിക്ക് ശേഷം ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ചൈന ടൗൺ തുടങ്ങിയ മൾട്ടി സ്റ്റാർ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ട്വന്റി ട്വന്റിയിലെ അത്രയും വലിയ താരനിര ഈ സിനിമകളിൽ ഇല്ലായിരുന്നു. സിനിമയെക്കുറിച്ച് നടൻ ദിലീപും സുരേഷ് ഗോപിയുമെല്ലാം മുമ്പ് സംസാരിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി പോലെ വീണ്ടുമൊരു സിനിമ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നുമുണ്ട്.” എന്നാണ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.