എമ്പുരാന്‍ അടുത്ത വര്‍ഷം തുടങ്ങും, ജോര്‍ദാനില്‍ ചര്‍ച്ച: പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കുമെന്നും, മുരളി ഗോപിയുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഞാന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് എമ്പുരാനാണ്. 2023ന്റെ തുടക്കത്തില്‍ എമ്പുരാന്റെ ഷൂട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. ആടുജീവിതത്തിന്റെ അള്‍ജീരിയയിലുള്ള ഷൂട്ടിന് ശേഷം ജോര്‍ദാനിലേക്ക് പോകും. അവിടേക്ക് മുരളിയും വരുന്നുണ്ട്.’

‘അവിടെ ഇരുന്ന് എമ്പുരാന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ച് കഴിഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും പോലെ തന്നെ ഞാനും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്.’ ആക്ഷന്‍ ഓണ്‍ ഫ്രേംസ് എന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

Read more

ലൂസിഫര്‍ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയെ 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത് ലൂസിഫര്‍ ആയിരുന്നു. വൈകാതെ തന്നെ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്റെ തുടര്‍ച്ചയായ ”എമ്പുരാനും” പ്രഖ്യാപിക്കുകയായിരുന്നു.