നാല് ദിവസം കഴിഞ്ഞാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്: ഫഹദ് ഫാസിൽ

മലയാളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ആക്ടർ എന്ന് വിളിക്കാൻ കഴിയുന്ന നടനാണ് ഫഹദ് ഫാസിൽ. താൻ പരാജയത്തിൽ നിന്നല്ലേ തുടങ്ങിയതെന്ന് ഫഹദ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്. ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയിൽ ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്.

അതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേർണലിസ്റ്റ് ആയി ഫഹദ് സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല. ഇന്ന് മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ വലിയ വിജയങ്ങൾ നേടിയ ചിത്രങ്ങളിലെല്ലാം ഫഹദ് ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ ആവേശത്തിലെ രംഗ എന്ന കഥാപാത്രത്തെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ആവേശത്തിലെ രംഗയോട് അടുക്കാനായിരുന്നു ഏറ്റവും കൂടുതൽ സമായമെടുത്തത് എന്നാണ് ഫഹദ് പറയുന്നത്. തനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത് എന്നും ഫഹദ് പറയുന്നു.

“ഒരു കഥാപാത്രത്തോട് മാനസികമായി അടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ആവേശത്തിലായിരുന്നു. എനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത്. ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ജിത്തു എന്നോട് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്യും, അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അന്വേഷിച്ചില്ല.

നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്. എന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെങ്കില്‍ മൊത്തം സിനിമയെയും അത് ബാധിക്കും. കാരണം ആ പിള്ളേരും സിനിമയുമായി കണക്ടാക്കുന്നത് രംഗനാണ്. അയാളാണ് ടോട്ടല്‍ സര്‍ക്കിളിന്റെ സെന്റര്‍. അയാളോട് അറ്റാച്ച്‌മെന്റ് തോന്നിയില്ലെങ്കില്‍ പടം കൈയില്‍ നിന്ന് പോകും എന്നത് ഉറപ്പാണ്. എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.

അതേസമയം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനി ചിത്രം വേട്ടയ്യൻ ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയും ഫഹദിന്റെതായി ഇനി വരാനുണ്ട്. കൂടാതെ അമൽ നീരദ് സംവിധാനം ചെയ്യുന്ന ബൊഗെയ്ൻവില്ല, മഹേഷ് നാരായണൻ – മമ്മൂട്ടി ചിത്രം എന്നിവയും വരാനിരിക്കുന്ന പ്രൊജക്ടുകളാണ്.