കൊച്ചി എടയാറില്‍ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ നാട്ടുകാരുടെ പ്രതിഷേധം. പൊട്ടിത്തെറിയുണ്ടായ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിക്ക് മുന്നിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം ഉണ്ടായി ഒരാൾ കൊല്ലപ്പെട്ട മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെത്തിയില്ലെന്നും പരാതിയുണ്ട്.
അപകട സ്ഥലത്ത് അഗ്നിരക്ഷാസേനയും പൊലീസും മാത്രമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. എടയാറിലെ ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന ഫാക്ടറിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഒഡിഷ സ്വദേശി വിക്രം പ്രധാനാണ് കൊല്ലപ്പെട്ടത്. ഒഡീഷ സ്വദേശികളായ കൃഷ്ണ, ഗുരു എന്നിവര്‍ക്ക് പരിക്കുമുണ്ട്.
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത്. എന്നാൽ കമ്പനിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.