' മരണത്തോട് പോലും 'ഒന്ന് ചിരിക്കൂ' എന്ന് പറയാന്‍ കെല്പുള്ള എന്റെ കൊച്ചു സിനിമയിലെ വല്യ നായകന്‍; വികാരഭരിതനായി ഗണപതി

യുവനടന്‍ ഗണപതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഒന്നു ചിരിക്കൂ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച നടന്‍ നാരായണന്‍ നമ്പിയാര്‍ അന്തരിച്ച വിവരം പുറത്ത് വിട്ടിരിക്കുകയാണ് ഗണപതിയിപ്പോള്‍. ഗണപതി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പ്രിയപ്പെട്ട അഭിനേതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. നടന്റെ ചിത്രവും രോഗശയ്യയില്‍ കിടക്കവേ നല്‍കിയ പുരസ്‌കാരത്തിന്റെ ഒരു ചിത്രവും സഹിതമാണ് ഗണപതിയുടെ കുറിപ്പ്. ഈ മാസം ഇരുപത്തിരണ്ടിനാണ് നടന്‍ മരിച്ചതെന്ന് ഗണപതി കുറിപ്പിലൂടെ പറയുന്നു.

ഗണപതിയുടെ കുറിപ്പ് ഇങ്ങനെയാണ്. ‘ മരണത്തോട് പോലും ‘ഒന്ന് ചിരിക്കൂ’ എന്നു മാത്രം പറയാന്‍ കെല്‍പ്പുള്ള തരത്തില്‍ ആ മുഖം പ്രസന്നമായിരുന്നു.പ്രിയപ്പെട്ട നാരായണന്‍ നമ്പിയാര്‍ക്ക്,എന്റെ കൊച്ചു സിനിമയിലെ വല്യ നായകന്,പ്രായത്തെ തോല്പിക്കുന്ന കലയോടുള്ള അഭിനിവേശത്തിനു എന്റെ ആദരാഞ്ജലികള്‍ 22/09/2021 Restinpower Hero’. മികച്ച അഭിനേതാവാണ് നഷ്ടമായതെന്നും ആരാധകരൊക്കെ കുറിക്കുന്നു.

Read more

ഒന്നു ചിരിക്കൂ എന്ന ഹ്രസ്വ ചിത്രം വലിയ കൈയ്യടികള്‍ നേടിയിരുന്നു. സംവിധായകരായ ജീത്തു ജോസഫ്, ലാല്‍, പ്രിയനന്ദനന്‍ എന്നിവരെല്ലാം ഈ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.