എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ‘ഗോഡ്ഫാദർ’ എന്ന ചിത്രം. തുടർച്ചയായി 405 ദിവസങ്ങളിൽ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ചു എന്ന റെക്കോർഡും ചിത്രത്തിനുണ്ട്. സിനിമ പഠിക്കുന്നവർക്ക് മലയാളത്തിൽ നിന്നും ഗോഡ്ഫാദർ ഇന്നും ഒരു ടെക്സ്റ്റ്ബുക്കാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. തന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഗോഡ്ഫാദർ എന്നാണ് പൃഥ്വി പറയുന്നത്. ഗോഡ്ഫാദർ കാണുമ്പോഴുണ്ടാവുന്ന സന്തോഷം വളരെ വലുതാണെന്നും പൃഥ്വി പറയുന്നു.

“ഗോഡ്ഫാദർ എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് ഗോഡ് ഫാദർ.
അതുകൊണ്ട് ആ സിനിമയുമായി ഞാൻ ഒരിക്കലും മറ്റൊരു സിനിമയെ താരതമ്യപ്പെടുത്തില്ല. മലയാളത്തിൽ വന്ന ഏറ്റവും മികച്ച സിനിമയാണ് അത്. ആ സിനിമയൊക്കെ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ, അത് വളരെ വലുതാണ്.

ആ കാര്യം ഗുരുവായൂരമ്പല നടയിലിനും ഉണ്ടെന്ന് ഞാൻ കരുതുന്നു. ഈ സിനിമ ഒരു ഹാപ്പി എക്‌സ്‌പീരിയൻസാകും നിങ്ങൾക്ക് നൽകുന്നത്. അത്തരം സിനിമകളാണല്ലോ നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കുക.” എന്നാണ് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം  ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്.

ഒരു കല്ല്യാണവും തുടർന്ന് രണ്ട് കുടുംബങ്ങളിൽ ഉടലെടുക്കുന്ന സംഭവവികാസങ്ങളുമാണ് കോമഡി- എന്റർടൈനർ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. തമിഴ് താരം യോഗി ബാബു ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.