കോണ്‍ഗ്രസിലെ ആരും പാര്‍ട്ടി മാറിയതിന്റെ പേരില്‍ അയാളെ 51 വെട്ട് വെട്ടാന്‍ പോകുന്നില്ല, കാരണം കോണ്‍ഗ്രസ് ഇപ്പോഴും മതവുമല്ല പട്ടാളവുമല്ല: ഹരീഷ് പേരടി

എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. അനിലിന്റെ ബിജെപി പ്രവേശനം കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയായാണ് കണക്കാക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇപ്പോഴിതാ, അനില്‍ കെ ആന്റണിയ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് പാര്‍ട്ടി മാറാമെന്നും അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘അനില്‍ ആന്റണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. അഞ്ച് നേരത്തെ നിസ്‌ക്കാരവും പാര്‍ട്ടി ക്ലാസ്സും കഴിഞ്ഞ്, എസ്എഫ്ഐയും ഡിവൈഎഫ്ഐയും കഴിഞ്ഞ് എംപി കളിയും കഴിഞ്ഞ അബ്ദുള്ളകുട്ടി ബിജെപിയില്‍ എത്തി. കെ.വി.തോമസ് സിപിഎമ്മിന്റെ ഡല്‍ഹിയിലെ കാര്യക്കാരനായി. ഇനിയുമുണ്ട് ഉദാഹരണങ്ങള്‍.

Read more

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ പാര്‍ട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അനില്‍ ആശംസകള്‍. എന്തായാലും കോണ്‍ഗ്രസിലെ ആരും പാര്‍ട്ടി മാറിയതിന്റെ പേരില്‍ അയാളെ 51 വെട്ട് വെട്ടാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസ് ഇപ്പോഴും മതവുമല്ല, പട്ടാളവുമല്ല. അവിടെയിപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്’- ഹരീഷ് കുറിച്ചു.