നിലപാട് തുറന്നു പറയുന്നതിന്റെ പേരിൽ കലാകാരന്മാരെ ആരാധനാലയങ്ങളിലെ പരിപാടികളിൽ നിന്ന് വിലക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ആറ് കൊല്ലം മുൻപ് വരെ ഇവിടെ ജാതിയും ജാതി പ്രശ്നവും ഒന്നുമില്ല എന്ന് പറഞ്ഞ് നടന്നിരുന്ന ഒരാളായിരുന്നു താനെന്നും വൈകിയാണ് തനിക്ക് ബോധം വെച്ചതെന്നും ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു.
“ഒരു 6 കൊല്ലം മുമ്പ് വരെ ‘ഇവിടെ ജാതി, ജാതി പ്രശ്നം ഒന്നും ഇല്ല , വളരെ പ്രശാന്ത സുന്ദരം ആണ് – ഇവിടെ പ്രശ്നം ഉന്നയിക്കുന്നവർ പറയുന്നത് ഇരവാദം ആണ്’ എന്നത് പോലത്തെ ഭൂലോക മണ്ടത്തരം സോഷ്യൽ മീഡിയയിൽ വിളമ്പിയിട്ടുണ്ട് ഞാൻ – കുറച്ചു വൈകി ആണെങ്കിലും എനിക്ക് കുറച്ചെങ്കിലും ബോധം വെച്ചിട്ടുണ്ട് എനിക്ക് ഇപ്പൊ.
ഒരു കലാകാരനെ/കലാകാരിയെ അവരുടെ നിലപാടിന്റെ പേരിൽ ആരാധനങ്ങളിൽ പാടുന്നതിൽ നിന്ന് അങ്ങ് ബഹിഷ്കരിച്ചു കളയും എന്ന് പറയുന്നവരോടും, ഉളുപ്പില്ലാതെ അവരോടു ജാതി അധിക്ഷേപം പറയുന്ന സ്വയം വിശ്വാസി എന്ന് അവകാശപ്പെടുന്നവരോടും പറയാൻ ഉള്ളത് – നിലപാടു എടുക്കാനും , അതിനെ എതിർക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് തരുന്നുണ്ട്.
എതിർ അഭിപ്രായം ഉള്ളവരെ ക്യാൻസൽ ചെയ്തു വായടപ്പിക്കാൻ ഉള്ള ശ്രമം ചെറുക്കപ്പെടും. എതിർ അഭിപ്രായം പറയുന്നവരെ ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിക്കുന്നവനോട് ഒക്കെ എന്ത് സഹിഷ്ണുത കാണിക്കാനാണ് ? വിഷയത്തെ വിഷയം കൊണ്ട് നേരിടാൻ പറ്റാത്തവർ ആ പണിക്ക് ഇറങ്ങരുത്.
മനസ്സിൽ പ്രകാശവും നന്മയും ഉള്ള ഒരുപാട് വിശ്വാസികൾ ഉള്ള നാടാണ് നമ്മുടേത് – ആ വിശ്വാസത്തിൽ അചഞ്ചലം ആയി ഉറച്ചു നിന്നുകൊണ്ട് തന്നെ സമൂഹത്തിലെ തിന്മകളെ ചൂണ്ടി കാണിക്കാൻ ആർജവം ഉള്ളവർ.
Read more
അവർ ഉള്ളേടത്തോളം ഒരു കലാകാരനെ/കലാകാരിയെ നിങ്ങളുടെ വെറുപ്പിന് ഒരു ചുക്കും ചെയ്യാൻ ആവില്ല. നല്ല ഒരു മനുഷ്യൻ ആവാൻ ശ്രമിക്കേടോ, അങ്ങനെ അല്ലാത്ത ഒരാളുടെ കൂടെ എന്ത് ദൈവ ചൈതന്യം ഉണ്ടാവാൻ ആണ്?” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത്.