പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. ഹൈദരബാദിൽ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ. സന്ധ്യാ തിയറ്ററിൽ പോകുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നില്ലെന്നും പൊലീസും സർക്കാരും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അല്ലു അർജുൻ പറഞ്ഞു.
അപകടം നടന്ന സന്ധ്യാ തിയറ്ററിൽ പോയത് അനുമതിയോടെയെന്നാണ് അല്ലു അർജുന്റെ പ്രതികരണം. മൂന്ന് വർഷം പുഷ്പ 2വിന് വേണ്ടി പ്രവർത്തിച്ചു. അതിന്റെ ഫലം കാണാനാണ് തിയറ്ററിൽ പോയത്. കഠിനാദ്ധ്വാനം ചെയ്താണ് ഞാൻ ഇതുവരെ എത്തിയത്. തനിക്കെതിരെ സ്വഭാവഹത്യ നടത്താനാണ് ശ്രമംമെന്നും സന്ധ്യാ തിയറ്ററിൽ അന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അല്ലു അർജുൻ പറഞ്ഞു.
ആരാധകർ അഭിവാദ്യം ചെയ്തപ്പോൾ ആദരവോടെ കൈവീശി കാണിച്ചു. തിയറ്ററിന് മുന്നിൽ ജാഥയോ പ്രകടനമോ നടത്തിയിട്ടില്ല. കുട്ടിയുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് അറിയാൻ കുടുംബവുമായി ഓരോ മണിക്കൂറിലും ബന്ധപ്പെടുന്നുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. അതേസമയം തനിക്കും അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ടെന്നും താൻ ഒരു പിതാവല്ലേ? എന്നും അല്ലു അർജുൻ ചോദിച്ചു. അച്ഛൻ്റെ വികാരം എനിക്ക് മനസ്സിലാകില്ലേ? എന്നും അല്ലു ചോദിച്ചു.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.