എനിക്ക് പ്ലാൻ ബി ഇല്ലായിരുന്നു, സിനിമയിൽ വരണം എന്നുള്ള പ്ലാൻ എ മാത്രമേ ഉണ്ടായിരുന്നുള്ളു: ആസിഫ് അലി

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആസിഫ് അലി ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. പിന്നീട് കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക്, സാൾട്ട് ആന്റ് പെപ്പെർ, ഓർഡിനരി, മാള് സിംഗ് തുടങ്ങീ ചിത്രങ്ങളിലൂടെ കരിയറിന്റെ തുടക്കകാലത്ത് തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു.

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തനിക്ക് ഒരു പ്ലാൻ ബി ഇല്ലായിരുന്നുവെന്നാണ് ആസിഫ് അലി പറയുന്നത്. സിനിമയിൽ എത്തുക എന്നതായിരുന്നു പ്ലാൻ എ എന്നാണ് ആസിഫ് അലി പറയുന്നത്.

“എനിക്ക് സിനിമയിൽ ഒരു പ്ലാൻ ബി ഇല്ലായിരുന്നു. സിനിമയിൽ വരണം എന്നുള്ള ഒരു പ്ലാൻ എ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എന്ത് ധൈര്യത്തിലായിരുന്നുവെന്ന് പിന്നീട് സിനിമയിൽ വന്നുകഴിഞ്ഞ് ചിന്തിച്ചപ്പോൾ എനിക്ക് പേടി തോന്നിയിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് ആ തീരുമാനമെടുത്ത് അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്നപ്പോൾ താങ്കൾ പറഞ്ഞ ആ ബാച്ച്, കഴിഞ്ഞുവരുന്ന ഒരാൾ ഞാൻ മാത്രമായിരുന്നു. ഇവരെല്ലാം കഥ കേട്ടുകഴിഞ്ഞ് അവർക്ക് വർക്കാകാത്ത കഥാപാത്രങ്ങളും സ്ക്രിപ്റ്റുകളുമാണ് എന്റെയടുത്ത് വന്നിരുന്നത്.

ഞാൻ ആദ്യകാലങ്ങളിൽ ചെയ്ത പലതും അവരെ മനസിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റുകളായിരുന്നു. മല്ലു സിങ് എന്ന സിനിമയ്ക്കുവേണ്ടി പൃഥ്വിരാജിനെ വച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതുകഴിഞ്ഞ് പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് ആയതുകൊണ്ടോ മറ്റോ അദ്ദേഹത്തിന് അത് ചെയ്യാനായില്ല. അത് പതിവുപോലെ എന്നെ തേടിവന്നു. ആ നിര കഴിഞ്ഞുവരുന്ന ബെഞ്ചിൽ ഞാൻ ഒറ്റയ്ക്കാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ഈസിയായി അത് നേരെ എന്റെയടുത്തേക്കാണ് വന്നത്.

കഥ മുഴുവൻ കേട്ടുകഴിഞ്ഞ് ഞാൻ എഴുന്നേറ്റ് നിന്ന് സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് പറഞ്ഞു, ‘എന്നെയൊന്ന് നോക്ക്, ഞാൻ എങ്ങനെയാണ് മല്ലുസിങ്ങായി അഭിനയിക്കുക? അതിനുള്ള വലുപ്പമില്ല, ആ പേരുപോലും ഞാൻ താങ്ങില്ല’. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് എന്റെയടുത്തേക്ക് വന്നുകൊണ്ടിരുന്നത്. ഞാൻ അവിടെയുണ്ട്. പക്ഷേ ഞാൻ അവിടെ സ്യൂട്ടബിൾ അല്ലായിരുന്നു. പക്ഷേ ആ സാഹചര്യവും ഞാൻ മറികടന്നു.” എന്നാണ് നേരെ ചൊവ്വെയിൽ ആസിഫ് അലി പറഞ്ഞത്.

ജിസ് ജോയ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രം തലവന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൂടാതെ ആസിഫ് അലി- അമല പോൾ- ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ലെവൽക്രോസ്’ റിലീസിനൊരുങ്ങുകയാണ്.

ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.