'സീക്വല്‍ സിനിമകള്‍ വഴങ്ങുന്ന ഒരാളാണ് ഞാന്‍, അതുകൊണ്ട് ആറാം ഭാഗത്തിലും നല്ല വേഷം തരിക'

സിബിഐ ചിത്രങ്ങളില്‍ അഞ്ച് ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം വേഷമിട്ട താരമാണ് മുകേഷ്. ഒന്നാം ഭാഗത്തില്‍ ചാക്കോയായി എത്തിയ മുകേഷ് അഞ്ചാം ഭാഗത്തിലും അതേ കഥാപാത്രമായി എത്തി പ്രേക്ഷകരുടെ കൈയടി നേടി. സീക്വല്‍ സിനിമകള്‍ വഴങ്ങുന്ന ഒരാളാണ് താനെന്നും അതുകൊണ്ട് ആറാം ഭാഗത്തിലും നല്ല വേഷം തരണമെന്നും സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ മുകേഷ് പറഞ്ഞു.

‘ഒരുപാട് സീക്വല്‍ സിനിമകളുടെ ഭാഗമാകാന്‍ അവസരം ലഭിച്ച നടനാണ് ഞാന്‍. റാംജി റാവു, മാന്നാര്‍ മത്തായി, ഇന്‍ഹരിഹര്‍ നഗര്‍ അങ്ങനെ നിരവധി സിനിമകള്‍. സീക്വല്‍ സിനിമകള്‍ വഴങ്ങുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ആറാം ഭാഗത്തിലും നല്ല വേഷം തരിക.’

Read more

‘സിബിഐക്ക് ഒരു ലോകറെക്കോര്‍ഡ് കൂടി ഉണ്ട്. ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും അഞ്ച് തവണയും ഒന്നിച്ച ഏക ചിത്രമാണ് സിബിഐ. പക്ഷേ അവര്‍ മാത്രമല്ല ഞാനും ജഗതിച്ചേട്ടനും കൂടിയുണ്ട്. ഞങ്ങളുടെ പേരു മാത്രം ആരും പറഞ്ഞില്ല. എംഎല്‍എമാര്‍ക്കു വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. അതിനൊക്കെ വേണ്ടിയാണ് പല പരിപാടികളും മാറ്റിവച്ച് ഇവിടെ എത്തിയത്. ഇതൊരു അഭിമാനമുഹൂര്‍ത്തമാണ്’ മുകേഷ് പറഞ്ഞു.