ഇന്ദ്രജിത്തിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രകടനമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തിൽ.
ഒരിടവേളയ്ക്ക് ശേഷം വിദ്യാസാഗർ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇപ്പോഴിതാ വിദ്യാസാഗറിനെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ അഭിനയ ജീവിതത്തിൽ 21 വർഷമെടുത്തു വിദ്യാജി ഈണം നൽകിയ ഒരു ഗാനരംഗത്തിൽ അഭിനയിക്കാൻ എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. വിദ്യാജി ഈണം നൽകിയ സിനിമകളിലെല്ലാം താൻ വില്ലൻ ആയിരുന്നുവെന്നും ഇന്ദ്രജിത്ത് ഓർക്കുന്നു.
“കോളേജിൽ പഠിക്കുന്ന സമയത്ത് വിജയ് അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ് എൻ്റെ കോളേജിൽ നടന്നിരുന്നു. വിദ്യാജി ആയിരുന്നു അതിൻ്റെ സംഗീതം. ജൂനിയർ ആർട്ടിസ്റ്റ് ആയി ഞങ്ങൾ സ്റ്റുഡൻ്റസ് തന്നെയാണ് അതിൽ നിന്നത്. നീ കാട്ര് നാൻ മരം എന്ന സോങ് ആയിരുന്നു അത്. പേഴ്സണലി എനിക്ക് വിദ്യാജിയുടെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണത്.
21 വർഷം കാത്തിരിക്കേണ്ടി വന്നു വിദ്യാജി സംഗീതം നൽകിയ ഒരു ഗാനത്തിൽ അഭിനയിക്കാനായി. വിദ്യാജി ഈണം നൽകിയ സിനിമകളിലെല്ലാം ഞാൻ വില്ലൻ ആയിരുന്നു. മീശ മാധവനിൽ ഈപ്പൻ പാപ്പച്ചി ഉണ്ടെങ്കിലും അയാൾക്ക് പാട്ടില്ലല്ലോ.” എന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ ഇന്ദ്രജിത്ത് പറഞ്ഞത്.
‘ലൂക്ക’, ‘മിണ്ടിയും പറഞ്ഞും’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഛായാഗ്രഹണം: ശ്യാമപ്രകാശ് എം എസ്, ചിത്രസംയോജനം: ഷൈജൽ പി വി, അരുൺ ബോസ്, സംഗീതം: വിദ്യാസാഗർ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ്, പ്രശാന്ത് പി മേനോൻ, ഗാനരചന: വിനായക് ശശികുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ ആർ പ്രവീൺ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ് എസ്, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻ: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്, പിആർഒ: പി ശിവപ്രസാദ്.