25 വര്‍ഷമായി മേക്ക് അപ്പ് ചെയ്തിട്ടില്ല; 'അരുവി' കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി; ഷൂട്ടിനിടയില്‍ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്ക് വിധേയയായെന്ന് നായിക അതിഥി ബാലന്‍

“അരുവി” തന്റെ കാഴ്ചപാടുകളില്‍ മാറ്റം വരുത്തിയെന്ന് സിനിമയില്‍ നായികയായി അഭിനയിച്ച അതിഥി ബാലന്‍. അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായയിയെന്ന് അദിതി പറയുന്നു. ക്ലെമാക്‌സിനു മുന്നേ ആണ് ഈ പറഞ്ഞ സംഭവം ഉണ്ടാകുന്നത്. അത് വരെ റിഹേഴ്‌സലിനു ശേഷം ഒരു ടീം ആയി വളരെ രസകരമായി ഷൂട്ടിങ് മുന്നോട്ടുപോയി. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന് മുന്നേ 4-5 ദിവസത്തെ ഇടവേള എടുത്തു. എത്ര സമയം വേണമെങ്കിലും എടുത്ത് എന്നോട് പൂര്‍ണമായും റെഡി ആയി വരാന്‍ പറഞ്ഞു സംവിധായകന്‍. ഞാന്‍ മുഴുവനായി റെഡി ആയാല്‍ മാത്രമേ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ആദ്യം ആയുര്‍വേദ ഡോക്ടറെ കണ്ടു.

അദ്ദേഹം പറഞ്ഞ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നു. അവിടെ താമസിച്ചു. ഡയറ്റ് പ്ലാന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. ദിവസത്തില്‍ ഒരു നേരം കഞ്ഞി കുടിക്കും. അത് മാത്രമായിരുന്നു ഭക്ഷണം. ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. അധികമാരും കാണാന്‍ വന്നിരുന്നില്ല. അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകള്‍ ദിവസവും കണ്ടു. മാനസികമായി ഞാന്‍ തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു. ഒറ്റപ്പെട്ട പോലെ തോന്നി. ആ അനുഭവവും എന്നെ ഒരുപാട് മാറ്റി എന്ന് തോന്നുന്നു. പിന്നീട് ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തു വരാനായില്ല. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം എന്റെ അമ്മ എപ്പോഴും പറയും, “നീ അതില്‍ നിന്ന് പുറത്തു വന്നേ തീരൂ എന്ന്…” കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചതെന്ന് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിഥി പറയുന്നു.

എന്റെ അമ്മ വീട് കേരളത്തിലാണ്. ഇടയ്ക്ക് അവധിക്കാലത്ത് അവിടെ വരാറുണ്ട്. കേരളം എന്ന് പറഞ്ഞാല്‍ എനിക്ക് ഞങ്ങള്‍ പോയ കുറെ അമ്പലങ്ങളാണ്. പിന്നെ ട്രെയിന്‍ യാത്രകള്‍, കൊച്ചിയിലെ കുറെ സുഹൃത്തുക്കള്‍, ഭക്ഷണം… ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍ ആണെങ്കിലും കേരളം എനിക്ക് അവധിക്കാലം പോലുള്ള അനുഭവമാണ്.

ഞാന്‍ എന്റെ ജീവിതത്തില്‍ മേക്ക് അപ്പ് ചെയ്ത സന്ദര്‍ഭങ്ങള്‍ ഇല്ല എന്ന് പറയാം. തീര്‍ച്ചയായും ചില ഡാന്‍സ് പരിപാടികള്‍ക്ക് പോകുമ്പോള്‍ വളരെ കുറച്ചു ചെയ്യും, ഒരു ഭരതനാട്യ നര്‍ത്തകി എന്ന നിലയില്‍ അത് അനിവാര്യമായത് കൊണ്ട് മാത്രം. അല്ലാതെ ഈ 25 വര്‍ഷം ഞാന്‍ മേക്ക് അപ്പ് ചെയ്ത് പുറത്തിറങ്ങിയിട്ടേ ഇല്ല. അരുവിക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ ടെന്‍ഷന്‍ മുഴുവന്‍ അതായിരുന്നു. മേക്ക് അപ്പ് ആവശ്യമില്ലാത്ത കഥാപാത്രമാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. മേക്ക് അപ്പ് ചെയ്യുമ്പോള്‍ ഇത് വരെ പരിചയമില്ലാത്ത എന്തോ ചെയ്യും പോലെ ആണ്.

അതുമായി പൊരുത്തപ്പെടണമല്ലോഎന്നൊക്കെ ഓര്‍ത്തു സങ്കടപ്പെടുമ്പോള്‍ മേക്കപ്പ് വേണ്ട എന്നു പറഞ്ഞത് ഭാഗ്യമായാണ് തോന്നിയത്. അഭിനേതാക്കള്‍ക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ മേക്ക് അപ്പ് ഇടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് ഒട്ടും കംഫര്‍ട്ടബ്ള്‍ അല്ല മേക്ക് അപ്പ്. കുട്ടിക്കാലം മുതലേ കാരണം അറിയാത്ത ഒരു പ്രതിരോധം ഉണ്ട്. പക്ഷെ ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രം അത്രയും ആവശ്യപ്പെടുന്നെങ്കില്‍ ഞാന്‍ മേക്ക് അപ്പ് ചെയ്യാന്‍ റെഡിയാണ്. അതിനോട് പൊരുത്തപ്പെടാന്‍ ഇത്തിരി സമയം എടുക്കും എന്നും അതിഥി പറയുന്നു.