പ്രണയം, അത് മനസ്സില്‍ സൗന്ദര്യമുള്ളവര്‍ക്കും മറ്റുള്ളവരിലെ സൗന്ദര്യം കാണാന്‍ കഴിയുന്നവര്‍ക്കും മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് നടനും സംവിധായകനുമായ ജയസോമ. കാര്‍ത്തികദീപം അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തിയിട്ടുള്ള അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
നിങ്ങള്‍ പ്രണയിക്കണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥ പ്രണയം ആസ്വദിക്കുന്ന ദിവസങ്ങള്‍ ആണ്. ഒരാളോട് ഒരിക്കലെങ്കിലും പ്രണയം തോന്നിയില്ലെങ്കില്‍ നിങ്ങള്‍ ഓര്‍ത്തോ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരം പ്രവൃത്തിക്കുന്നില്ല. അത് ആസ്വദിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ല എന്ന്.
തല്ലിപ്പഴിപ്പിച്ചു ആസ്വദിക്കണ്ട ഒന്നല്ല പ്രണയം. മനസ്സില്‍ സൗന്ദര്യം ഉള്ളവര്‍ക്ക് മറ്റുള്ളവരിലെ സൗന്ദര്യം കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് പ്രണയം. ഒരാളുടെ രൂപത്തില്‍ അല്ല പ്രണയം തോന്നുന്ന സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. അയാളുടെ ഹൃദയത്തില്‍ ആണ്, അയാളുടെ പെരുമാറ്റത്തില്‍ ആണ്.
ഹൃദയത്തില്‍ സൗന്ദര്യം ഉള്ളവരുടെ പെരുമാറ്റം അവരുടെ ശരീര സൗന്ദര്യത്തെക്കാള്‍ സുന്ദരം ആയിരിക്കും. ഹൃദയത്തില്‍ സൗന്ദര്യം ഉള്ളവരുടെ പ്രണയത്തിനു മധുരം കൂടും. അവരുടെ സ്പര്‍ശനം വളരെ മൃദു ആയിരിക്കും. അവരുടെ ശബ്ദം നമ്മളുടെ മനസ്സില്‍, കാതുകളില്‍ ഉണ്ടാക്കുന്ന ഒരു തണുപ്പ് അത് നിര്‍വ്വചിക്കാന്‍ കഴിയില്ല.
ആ ശബ്ദം ഒരു നിമിഷം പോലും കേള്‍ക്കാതിരിക്കാന്‍ ആവില്ല. പക്ഷേ പ്രണയം സത്യം ആയിരിക്കണം. വാശിക്ക് വേണ്ടി ആരെയും പ്രണയിക്കരുത്. കാമുകിമാരുടെ, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നില്‍ ആള്‍ ആകാന്‍ വേണ്ടിയും ആരെയും പ്രണയിക്കരുത്. ഹൃദയത്തില്‍ യഥാര്‍ത്ഥ പ്രണയം ഉള്ള ഒരാള്‍ക്ക് മാത്രമേ തന്റെ കൂടെ ഉള്ള ആളെ സ്‌നേഹത്തോടെ വിശ്വാസത്തോടെ സുരക്ഷിതമായി ചേര്‍ത്ത് നിര്‍ത്താന്‍ കഴിയു.
ആ ചേര്‍ത്ത് നിര്‍ത്തല്‍ ആണ് ലോകത്തിലെ എല്ലാ ആണും പെണ്ണും ആഗ്രഹിക്കുന്നത്. ഞാന്‍ എന്റെ പെണ്മക്കളോട് പറയാറുണ്ട് നിങ്ങള്‍ പ്രേമിക്കണം. അതു നിങ്ങള്‍ അറിയണം. ആകപ്പാടെ ഒരു ജീവിതമേ ഉള്ളു. ആരെ പ്രേമിക്കണം എന്നത് നിങ്ങളുടെ ഇഷ്ടം. കാരണം ജീവിതം നിങ്ങളുടെ ആണ്. ജീവിതം സുരക്ഷിതം ആണെന്ന് തോന്നുന്ന ആരെയും പ്രണയിക്കാം. അതിനു ജാതിയോ, മതമോ, പ്രായമോ, നിറമോ ദേശമോ ഇല്ല. നല്ല മനുഷ്യന്‍ ആയാല്‍ മതി. പണത്തെ പ്രണയിക്കരുത്. അധികാരങ്ങളെയും സ്ഥാനമാനങ്ങളെയും പ്രണയിക്കരുത്. ഇവ എല്ലാം ഏതു നിമിഷവും തകര്‍ന്നു പോകാം. മനസ്സിനെ പ്രണയിക്കു. ഏതു അവസ്ഥയിലും കൈ വിടാത്ത മനസ്സുള്ളവരെ.
പക്ഷേ നിങ്ങളുടെ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേക്കാന്‍’ വേണ്ടി ആരെയും പ്രണയിക്കരുത്. കാരണം ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം. അത് അനാവശ്യമായി ഉപയോഗിക്കരുത്. പിന്നീട് ആവശ്യം വരുമ്പോള്‍ അതു കിട്ടാതെ വരും. പ്രണയിക്കേണ്ടത് കല്യാണം കഴിഞ്ഞല്ല. കല്യാണത്തിന് മുന്‍പ് മനസ്സില്‍ ഒരു ചരടിന്റെ പോലും ബന്ധനം ഇല്ലാതെ സ്വതന്ത്രമായി ഇഷ്ടമുള്ള പൂക്കളുടെ ഇടയിലൂടെയും ഇഷ്ടമുള്ള ആകാശത്തിലൂടെയും സുന്ദരങ്ങളായ ചിത്രശലഭങ്ങളുടെ കൂടെയും പറന്നു നടന്നു ആസ്വദിക്കണ്ട ഒന്നാണ്.
Read more
കല്ല്യാണം കഴിഞ്ഞും പ്രണയിക്കാം. പക്ഷേ അതിനു ഇത്രയും മധുരം ഉണ്ടാവില്ല. നിങ്ങള്‍ പ്രണയിക്കു. ഞാന്‍ എന്ന അച്ഛന്‍ നിങ്ങള്‍ക്ക് തരുന്ന സ്വാതന്ത്ര്യം നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും ഈ അച്ഛന് നിങ്ങളില്‍ ഉള്ള വിശ്വാസം. സ്‌നേഹം. ഒരു ദിവസത്തിന് വേണ്ടി പ്രണയിക്കാതിരിക്കു. കാമത്തിന് വേണ്ടി പ്രണയിക്കാതിരിക്കു. പ്രണയത്തിനു വേണ്ടി മാത്രം പ്രണയിക്കു. അതു ഒരു സുഖം ആണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം. പ്രണയദിനാശംസകള്‍’.