'പുലിവാല്‍ കല്യാണത്തിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കില്ല, അത്രയ്ക്ക് ബോറായിരുന്നു'

“പുലിവാല്‍ കല്യാണമൊക്കെ ഇപ്പോ കാണുമ്പോ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്.” – നായകന്‍ ജയസൂര്യയുടെ വാക്കുകളാണ്. അതില്‍ നിര്‍ത്തിയില്ല അദ്ദേഹം തുടര്‍ന്നു. “അതില്‍ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകന്‍ ഷാഫിക്ക പറഞ്ഞു “ജയാ ടേക്ക് പോകാം”… ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീന്‍. ഷാഫിക്ക പറഞ്ഞു…ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്. ഗൃഹലക്ഷ്മി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുമ്പോഴാണ് ജയസൂര്യ പഴയ സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞത് – എനിക്കറിയില്ല. അത് ഹീറോയിന്‍സ് പറയുന്നതല്ലേ? ഹീറോ എന്ന നിലയില്‍ എനിക്ക് അറിയില്ല അത്.

ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാലൊടിഞ്ഞ് കിടക്കുകയായിരുന്നുവെന്നുള്ള വിവരവും ജയസൂര്യ പങ്കുവെച്ചു.

ഷൂട്ടിംഗിനിടെയുള്ള അപകടത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞത് ഇങ്ങനെ

ആദ്യ പടം ഊമപെണ്ണിന് ഉരിയാടാപയ്യനില്‍ തന്നെ അപകടം പറ്റി. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുള്‍ ആവേശമാണ്. ആ സിനിമയില്‍ പരസ്യഹോര്‍ഡിംഗില്‍ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയന്‍ സാര്‍ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാന്‍ പറഞ്ഞു, വേണ്ട സര്‍ ഞാന്‍ ചാടിക്കോളാം. ചാടി. കൂട്ടിയിട്ട കാര്‍ഡ് ബോര്‍ഡൊക്കെ തുളച്ച് കാലതാ പോകുന്നു. പിന്നെ പൊക്കാന്‍ പറ്റുന്നില്ല. കാല് ഒടിഞ്ഞിട്ടുണ്ട്. മുഖം കണ്ട് ഹനീഫ്ക്ക ചോദിച്ചു. എന്താ വല്ലാതെ? ഹനീഫ്ക്കാ എന്റെ കാല്…ഹനീഫ്ക്കാ വിനയന്‍ സാറിനെ വിളിച്ചു. ഇവന്റെ കാല് ഭയങ്കര പ്രശ്‌നാട്ടാ, അവന്‍ പറയാഞ്ഞിട്ടാ. ഡോക്ടര്‍ പറഞ്ഞു, ആറു മാസം വിശ്രമം. ഞാന്‍ തകര്‍ന്നു പോയി. പക്ഷെ, എന്റെ ഭാഗ്യം കൊണ്ടാവാം 20 ദിവസം കൊണ്ട് കാല് ശരിയായി.

പിന്നെ വാധ്യാര്‍ എന്ന പടത്തില്‍ അഭിനയിക്കുമ്പോ കാലൊടിഞ്ഞു, രണ്ടു മാസം എഴുനേല്‍ക്കാന്‍ പാടില്ല. എഴുനേറ്റില്ല, എഴുനേല്‍ക്കാതെ അഭിനയിച്ചു. ബ്യൂട്ടിഫുള്‍ എന്ന സിനിമ.