ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു, ഇന്ന് പ്രേക്ഷകരും അവരുടെ ചിന്താഗതികളും മാറി: ജ്യോതി കൃഷ്ണ

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ.2018-ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘ആമി’ ആയിരുന്നു ജ്യോതി കൃഷ്ണ അവസാനമായി വേഷമിട്ട സിനിമ. ഇപ്പോഴിതാ ലൈഫ് ഓഫ് ജോസുട്ടിയെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ജ്യോതി കൃഷ്ണ.

അന്നത്തെ കാലത്ത് ദിലീപ് ജനപ്രിയ നായകനാണെന്നും, അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നുവെന്നും ജ്യോതി കൃഷ്ണ പറയുന്നു.

“ദിലീപേട്ടന് ഇപ്പോൾ രണ്ട് കാലഘട്ടമുണ്ട്. അന്നത്തെ കാലഘട്ടത്തിൽ ദിലീപേട്ടൻ ജനപ്രിയ നായകനാണ്. ആളുകൾക്ക് അത്രയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയിൽ ദിലീപേട്ടനെ ചതിക്കുകയെന്നത് ആളുകൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമായിരുന്നു അപ്പോൾ.

ഇപ്പോൾ അങ്ങനെയല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഇപ്പോൾ ക്രൗഡ് മാറി, പ്രേക്ഷകർ മാറി, അവരുടെ ചിന്താഗതികൾ മാറി. അന്ന് അങ്ങനെ ആയിരുന്നില്ല. ആ സിനിമയിൽ തിയേറ്ററിൽ കയ്യടി വന്നൊരു സീനുണ്ടായിരുന്നു. ഒരു സീനിൽ നായകൻ പറയുന്നുണ്ട്, ഞാൻ ഷർദ്ദിച്ചത് കഴിക്കാറില്ലെന്ന്. അതിന് വലിയ കയ്യടിയായിരുന്നു തിയേറ്ററിൽ. അതിന്റെ അർത്ഥം ആ നായകനെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നു എന്നാണ്.

അത് കേട്ടപ്പോൾ അമ്മക്ക് വലിയ സങ്കടമായി. കാരണം അമ്മ സ്വന്തം മകളെയാണ് സ്‌ക്രീനിൽ കാണുന്നത് കഥാപാത്രത്തെയല്ല. അന്ന് സിനിമയിലെ എന്റെ പ്രകടനം കണ്ട് ഒന്ന് രണ്ട് പേർ എന്നെ അഭിനന്ദിച്ചിരുന്നു. അതിൽ ഞാനിപ്പോഴും ഓർത്ത് വെക്കുന്ന ഒരാൾ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെയാണ്. അദ്ദേഹം എന്നെ വിളിച്ചിട്ട് എന്റെ ആ സീൻ നന്നായിരുന്നുവെന്ന് പറഞ്ഞു.

അത് എനിക്ക് കിട്ടിയ നല്ലൊരു അഭിനന്ദനമായിരുന്നു. ഇപ്പോഴും ആളുകൾ എന്നെ അറിയുന്നത് ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് ആയിട്ട് തന്നെയാണ്. കരിയറിൽ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ കൂടുതൽ ബെനഫിറ്റ് ഉണ്ടാക്കിയിട്ടുള്ള സിനിമയാണ് അത്.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതി കൃഷ്ണ പറഞ്ഞത്.

Read more