എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്, ഇത് സിനിമയിലെ എല്ലാവര്‍ക്കും ലഭിച്ച അംഗീകാരം: ജയസൂര്യ

മികച്ച നടനായി തിരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് നടന്‍ ജയസൂര്യ. വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് നടന്‍ വെള്ളത്തില്‍ അവതരിപ്പിച്ചത്. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയേട്ടന്‍.

കോവിഡ് ഒന്നാം തരംഗ ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വെള്ളം. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. തനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്.

ഒരു സിനിമയുടെ ആകെ തുക മികച്ചതായെങ്കില്‍ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഈ അംഗീകാരം തനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നില്ല. സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാക്കള്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്‍, മറ്റു അഭിനേതാക്കള്‍ അങ്ങനെ സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്ത എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമാണിത്.

ഇതൊരു ബയോഗ്രഫിക്കല്‍ സിനിമയാണ്. മുരളി എന്ന യഥാര്‍ഥ വ്യക്തിയുടെ അതിജീവനത്തിന്റെ കഥയാണ്. അദ്ദേഹം സമ്മതിച്ചത് കൊണ്ടുമാത്രമാണ് വെള്ളം നല്ലൊരു സിനിമയായി മാറിയത്. ഇത്തവണ വലിയ മത്സരമുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം തന്നെയും പരിഗണിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നുവെന്ന് ജയസൂര്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Read more

രണ്ടാം തവണയാണ് ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് 2018-ല്‍ ജയസൂര്യ ആയിരുന്നു മികച്ച നടന്‍.