സുരേഷ് ഗോപിയേക്കാള്‍ നന്നായി ഞാന്‍ പ്രസംഗിക്കും, സ്റ്റാര്‍ ആയതിനാല്‍ അദ്ദേഹം കയറിപ്പോയതാണ്: കൊല്ലം തുളസി

തന്നോട് ബിജെപിക്കുള്ള സമീപനം വേറെയാണെന്ന് നടന്‍ കൊല്ലം തുളസി. താനും സുരേഷ് ഗോപിയും ഒരേ ദിവസമാണ് ബിജെപിയില്‍ എത്തിയത്. സുരേഷ് ഗോപി എവിടെയോ എത്തി, താന്‍ പിന്നോട്ട് പോയി എന്നാണ് കൊല്ലം തുളസി പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

”സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് ഞങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പായിരുന്നു. പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി. സുരേഷ് ഗോപി എത്ര കണ്ട് മുന്നോട്ട് പോയി, ഞാന്‍ എത്ര കണ്ട് പിന്നോട്ട് പോയി.”

”സുരേഷ് ഗോപിയേക്കാള്‍ നന്നായി ഞാന്‍ പ്രസംഗിക്കും. എന്നെയൊരു പ്രസംഗ തൊഴിലാളിയായി കൊണ്ടു നടന്നിട്ടുണ്ട്. സ്റ്റാര്‍ ആയതിനാല്‍ കയറി പോയതാണ്. അല്ലെങ്കില്‍ രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ പരിഭവിച്ചിട്ട് കാര്യമില്ല.”

”എനിക്ക് അത്രയേ വിധിച്ചിട്ടുള്ളൂ. ബിജെപി ഞാന്‍ ഉണ്ടായിരുന്നപ്പോള്‍, ഇപ്പോള്‍ ഞാനില്ല, എന്നോടുള്ള സമീപനം വേറെയായിരുന്നു. സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ്. പിന്നെ ചില ആളുകള്‍ സഹായിച്ചിട്ടുമുണ്ട്.”

Read more

”എനിക്കത് കിട്ടിയിട്ടില്ല. എന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കള്‍ നോക്കിയത്” എന്നാണ് കൊല്ലം തുളസി പറയന്നത്. അതേസമയം, തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ നഷ്ടമായതിനെ കുറിച്ചും കൊല്ലം തുളസി നേരത്തെ സംസാരിച്ചിരുന്നു. തനിക്ക് പലരും പാര വച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.