ആത്മാക്കളുണ്ടെങ്കില്‍ അവരുടെ വേദന എന്തായിരിക്കും?, പതിവ് ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായൊരു ചിത്രം; ക്ഷണത്തെ കുറിച്ച് സംവിധായകന്‍ പറയുന്നു

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ക്ഷണം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഡിസംബര്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ നാനയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് അ്‌ദ്ദേഹം.

ഞാന്‍ ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ജാതകം, മുഖചിത്രം തുടങ്ങി എന്റെ എല്ലാ സിനിമയും മിനിമം ബഡ്ജറ്റിലുള്ള ചെറിയ സിനിമകളാണ്. ഇത് രീതിയില്‍ ചിത്രീകരിക്കുന്ന വലിയ സിനിമയാണ്. കഥയ്‌ക്കൊപ്പം തന്നെ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സംഗീതത്തിന് പ്രാധാന്യം നല്‍കിയുമാണ് ക്ഷണം ഒരുക്കുന്നതെന്ന് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞു.

ഹൊറര്‍ സിനിമകള്‍ പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും ആ ഒരു രീതിയിലുള്ള സിനിമയല്ല ക്ഷണം. ആത്മാക്കളുണ്ടെന്നും അവരുമായി സംസാരിക്കാറുണ്ടെന്നും ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകളാണ്. ആത്മാക്കളുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. കുടുംബപരമായി വൈദ്യം, മന്ത്രം, ജ്യോതിഷം ഇതെല്ലാം എവിടെയോ കിടപ്പുണ്ട്. ഒരു പ്രായത്തില്‍ ആത്മാക്കളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ജീവിതത്തിന്റെ ഭാഗമായി പഠിച്ചതാണ്. ഇപ്പോള്‍ അത് ഗുണമായി.

സിനിമയില്‍ നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് ആത്മാക്കളുണ്ടെന്നുതന്നെയാണ്. ആത്മാക്കളുണ്ടെങ്കില്‍ അവരുടെ വേദന എന്തായിരിക്കും? എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ജനറലായിട്ടുള്ള സംഭവമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. എവിടെയും സംഭവിക്കാവുന്ന കാര്യമായതുകൊണ്ട് എല്ലാ ഭാഷയിലും സിനിമ എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രീകരിക്കുന്നതെന്ന് സുരേഷ് ഉണ്ണിത്താന്‍ പറയുന്നു.

ചലച്ചിത്ര വിദ്യാര്‍ത്ഥികളായ ഒരു സംഘം ഡിപ്ലോമ പ്രൊജക്റ്റിന്റെ ഷൂട്ടിന് ലൊക്കേഷന്‍ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നതും അവിടെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞ വിചിത്ര മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദുംനിര്‍വഹിച്ചിരിക്കുന്നു. ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടി അനു സിതാരയുടെ സഹോദരി അനു സോനാരയും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നു.

ദിനേശ് ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ റെജി തമ്പിയും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലൈന്‍ സിനിമാസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.