മലയാള സിനിമാ സംഗീത രംഗത്ത് തനിക്കെതിരെ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍. സിനിമകളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ് പരിപാടിയിലാണ് ജയചന്ദ്രന്‍ സംസാരിച്ചത്.
”അടുത്ത കാലത്ത് പോലും ലോബിയുടെ ഭാഗമായി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്നു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്‌കാരം. സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ടെന്ന് വിശ്വസിക്കുന്നു.”
”ആ പാതയിലൂടെ നടക്കും. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. സംഗീതത്തോട് മാത്രമാണ് താല്‍പര്യം. ഇതിന് പിന്നിലുള്ള രാഷ്ട്രീയം, പിടിവലികള്‍, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ല. സിനിമയില്‍ വന്നിട്ട് 28 വര്‍ഷങ്ങളായി.”
”രണ്ടു വര്‍ഷം കൂടി കഴിയുമ്പോള്‍ സംഗീതത്തിന്റെ 30 വര്‍ഷത്തെ കുറിച്ച് സംസാരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടം തരട്ടേയെന്ന് ആഗ്രഹിക്കുന്നു. 28 വര്‍ഷവും കടന്ന് മുന്നോട്ടു പോകുന്നെങ്കില്‍ അത് നമ്മള്‍ ഇത്തരത്തിലുള്ള നെഗറ്റീവായ കാര്യങ്ങള്‍ക്ക് വില കൊടുക്കാത്തത് കൊണ്ടാണ്.”
Read more
”സംഗീതം എന്നാല്‍ പോസിറ്റിവിറ്റിയാണ്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ സ്വയം വെല്ലുവിളിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കണം” എന്നാണ് എം ജയചന്ദ്രന്‍ പറയുന്നത്. ‘ആയിഷ’, ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നീ ചിത്രങ്ങളിലെ സംഗീതത്തിനാണ് എം ജയചന്ദ്രന് അവാര്‍ഡ് ലഭിച്ചത്.