പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു; ഗണേഷ് കുമാര്‍ പറഞ്ഞതിന് പ്രസക്തിയുണ്ടെന്ന് മാലാ പാര്‍വതി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച സമീപനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ദിലീപിനോട് ചെയ്തത് പോലെ പീഡനകേസില്‍ പ്രതിയായ വിജയ് ബാബുവിനോട് അമ്മ രാജിക്കത്ത് ചോദിച്ച് വാങ്ങിയിട്ടില്ല. ഇത് ഇരട്ട നീതിയാണ് എന്ന് അമ്മയില്‍ നിന്ന് ഗണേഷ് കുമാര്‍ അടക്കമുളളവര്‍ പറയുന്നു. അത് പ്രധാനമാണെന്ന് നടി മാലാ പാര്‍വ്വതി പറയുന്നു.

‘അമ്മ സംഘടന ക്ലബ്ബ് ആണോ അല്ലയോ എന്നതല്ല ഇവിടെ പ്രസക്തമായ കാര്യം. അതിജീവിത പണമിടപാട് നടത്തിയെന്ന ആരോപണവും ദുബായില്‍ ജനറല്‍ സെക്രട്ടറി വിജയ് ബാബുവിനൊപ്പമുണ്ടായിരുന്നു എന്നുളള ആരോപണവുമാണ്. ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടത് എന്ന ഗണേഷ് കുമാറിന്റെ ചോദ്യവും പ്രധാനമാണ്.

ഫേസ്ബുക്കിലിരുന്ന് ഇരയുടെ പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രം കണ്ടാല്‍ മതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഇടപെടാന്‍. നടപടി വേണമെന്ന് തങ്ങള്‍ പറഞ്ഞു. നടപടി വേണ്ടെന്ന് സംഘടന തീരുമാനിച്ചു. സ്വയം മാറി നില്‍ക്കുന്നതായി വിജയ് ബാബു തീരുമാനിച്ചു. പിന്നീട് അദ്ദേഹം കമ്മിറ്റിക്ക് വന്നു.

Read more

അപ്പോള്‍ ദീലിപിനോട് എന്തിനായിരുന്നു രാജി ആവശ്യപ്പെട്ടത്. ഗണേഷ് കുമാര്‍ പറയുന്നുണ്ട്, ദിലീപിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനോടും രാജി ആവശ്യപ്പെടണം. എന്തിനാണ് ദിലീപിനോട് ഇരട്ട നീതി. 2013ലാണ് പോഷ് ആക്ട് വന്നത്. കാലം മാറി പുതിയ പരിരക്ഷ വന്നു. ദിലീപിനെ പുറത്താക്കിയതും ശരി, അതുപോലെ വിജയ് ബാബുവിനേയും പുറത്ത് നിര്‍ത്തണം എന്നാണ് പറയുന്നത്.അവര്‍ പറഞ്ഞു.