പ്രേക്ഷകര്‍ മനഃപൂര്‍വം അങ്ങനെ മാര്‍ക്കിടുമെന്ന് കരുതുന്നില്ല, നിലവാരമില്ലെങ്കില്‍ പരാജയപ്പെടും: മമ്മൂട്ടി

മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂര്‍ സ്‌ക്വാഡ്’ തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ചിത്രത്തിന് തുടക്കം മുതലേ വലിയ രീതിയിലുള്ള പ്രമോഷന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. സിനിമകളുടെ വിജയ-പരാജയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എത്ര വലിയ പ്രമോഷനുകള്‍ നടത്തിയാലും നിലവാരമില്ലെങ്കില്‍ സിനിമ പരാജയപ്പെടും എന്നാണ് മമ്മൂട്ടി പറയുന്നത്. ഏതെങ്കിലും സിനിമക്കെതിരെ മനഃപൂര്‍വം പ്രേക്ഷകര്‍ മാര്‍ക്കിടുമെന്ന് കരുതാനാകില്ലെന്നും നടന്‍ പറഞ്ഞു. സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചാണ്.

സിനിമയെ കുറിച്ച് സ്വന്തം രീതിയിലുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകര്‍ നടത്തേണ്ടത്. ഓരോരുത്തര്‍ക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ല എന്നാണ് പ്രസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞത്. എന്തുകൊണ്ടാണ് ചിത്രത്തിന് കൂടുതല്‍ പ്രമോഷന്‍ നല്‍കാതിരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് ഹൈപ്പ് കൊടുത്തിട്ട് ആള്‍ക്കാര്‍ക്ക് അതിനനുസരിച്ച് കിട്ടിയിലെങ്കില്‍ നിരാശയാവും പിന്നെ. നല്ല സിനിമയാണെങ്കില്‍ എന്തായാലും ആളുകള്‍ കാണും. മൌത്ത് പബ്‌ളിസിറ്റിയിലൂടെ തന്നെ ആളുകളിലേക്ക് സിനിമയെത്തും എന്നായിരുന്നു സംവിധായകന്‍ റോബി വര്‍ഗീസ് രാജ് പറഞ്ഞത്.