അജിത്ത് സാര്‍ വിളിച്ചത് കേട്ട് ചാടി പുറപ്പെട്ടാല്‍ ബുദ്ധിമുട്ടാകുമോ എന്ന് തോന്നിയിരുന്നു, ഈയടുത്താണ് ലൈസന്‍സ് എടുത്തത്: മഞ്ജു വാര്യര്‍

തല അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയതിനെ കുറിച്ച് പറഞ്ഞ് മഞ്ജു വാര്യര്‍. തനിക്ക് യാത്രയോടുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ അജിത്ത് സാര്‍ ബൈക്ക് റാലിയിലേക്ക് വിളിച്ചു എന്നാല്‍ താന്‍ അത് വിശ്വസിച്ചിരുന്നില്ല എന്നാണ് മഞ്ജു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തല അജിത്തിന്റെ കൂടെ ബൈക്ക് റൈഡ് ചെയ്തപ്പോളാണ് റൈഡിംഗിനോട് ഇഷ്ടം തോന്നിയത്. ഈയടുത്ത് ബൈക്ക് ലൈസന്‍സ് എടുത്തു. ബൈക്ക് റാലിയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം അത് വിശ്വസിക്കാന്‍ പോലും പറ്റിയില്ല. ഒരു ഭംഗിക്ക് വിളിച്ചതാവും എന്ന് തോന്നി.

അതുകേട്ട് ചാടിപുറപ്പെട്ടാല്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായേക്കുമോ എന്നു പോലും ചിന്തിച്ചു. ഒടുവില്‍ യാത്രയ്ക്ക് വേണ്ട സന്നാഹങ്ങളൊക്കെ ഒരുക്കി അജിത്ത് സാറിന്റെ മെസേജ് വന്നപ്പോളാണ് വിശ്വാസമായത്. പണ്ട് കണ്ട കാഴ്ചകള്‍ മാറിമറിഞ്ഞത് കണ്ടതായിരുന്നു ബൈക്ക് റൈഡില്‍ ആകര്‍ഷിച്ചത്.

യാത്രകള്‍ ഇഷ്ടമാണ്. അത് ദൂരേയ്ക്കായാലും വീടിനടുത്ത് എവിടെയെങ്കിലുമായാലും എന്നാണ് മഞ്ജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അജിത്തിനൊപ്പം ‘തുനിവ്’ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് മഞ്ജു വാര്യര്‍ കാഴ്ചവച്ചത്. ആക്ഷന്‍ സീനുകളില്‍ താരം തിളങ്ങിയിരുന്നു.

Read more

താന്‍ ഇതിന് മുമ്പ് ഫൈറ്റ് ചെയ്തിട്ടില്ലായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. തുനിവ് സിനിമയുടെ കഥ കേട്ടപ്പോള്‍ മുതല്‍ ആലോചിച്ചത് അതിലെ സംഘട്ടന രംഗങ്ങളെ കുറിച്ചാണ്. ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടില്ല. കാണുമ്പോള്‍ കോമഡിയായി തോന്നരുതെന്ന് മാത്രമായിരുന്നു ആഗ്രഹം എന്നാണ് മഞ്ജു പറയുന്നത്.