നമ്മള്‍ കാണുന്ന സിസ്റ്റവും അധികാര പോളിസികളും ടിവിയില്‍ കാണുന്ന വലിയ വാര്‍ത്തകള്‍ വരെ ഇല്ലുമിനാറ്റിയാണ് തീരുമാനിക്കുന്നത്; തുറന്നുപറഞ്ഞ് മുരളി ഗോപി

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ മലയാളത്തിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ചിത്രത്തിലെ ഇല്ലുമിനാറ്റി റഫറൻസ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അബ്രാം ഖുറേഷിക്ക് ഇല്ലുമിനാറ്റിയുമായി എന്താണ് ബന്ധമെന്ന് എമ്പുരാനിലൂടെ വെളിവാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ഇല്ലുമിനാറ്റിയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഇല്ലുമിനാറ്റിയുടെ അര്‍ത്ഥം എന്താണെന്ന് ഇല്ലുമിനാറ്റിക്ക് പോലും അറിയില്ലെന്നാണ് മുരളി ഗോപി പറയുന്നത്. നമ്മള്‍ കാണുന്ന പരസ്യത്തിന്റെ ഡിസൈന്‍, അജണ്ട സെറ്റിങ് എന്നീ കാര്യങ്ങളില്‍ പോലും അവരുടെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാകുമെന്നും മുരളി ഗോപി പറയുന്നു.

“ഇല്ലുമിനാറ്റിയുടെ അര്‍ത്ഥം എന്താണെന്ന് ഇല്ലുമിനാറ്റിക്ക് പോലും അറിയില്ല. എന്താണെന്ന് പോലും ചോദിക്കാന്‍ പാടില്ലാത്ത അവ്യക്തമായ ഒരു ഗ്രൂപ്പാണത്. അങ്ങനെയാണ് അതിന്റെ ബേസ് രൂപപ്പെടുത്തി വെച്ചിരിക്കുന്നത്. നമ്മള്‍ കാണുന്ന സിസ്റ്റവും അധികാര പോളിസികളും ടി.വിയില്‍ കാണുന്ന വലിയ വാര്‍ത്തകള്‍ മുതല്‍ ചെറിയ ന്യൂസുകള്‍ വരെയുള്ള കാര്യം ഡിസൈന്‍ ചെയ്യുന്നവരാണ് അവര്‍.

നമ്മള്‍ കാണുന്ന പരസ്യത്തിന്റെ ഡിസൈന്‍, അജണ്ട സെറ്റിങ് എന്നീ കാര്യങ്ങളില്‍ പോലും അവരുടെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാകുമെന്നും അത് നമ്മള്‍ അറിയാതെ പോകുമെന്നുമൊക്കെയാണ് ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള തിയറികള്‍. ഈ ആശയത്തെ ഗൈഡ് ചെയ്യുന്ന ഗ്രൂപ്പ് ഉണ്ടെന്നും പറയുന്ന ആശയമാണ് ഇല്ലുമിനാറ്റി.” എന്നാണ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറയുന്നത്.