ഒടിടികൾ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന് നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർ. ഒടിടി ഇല്ലാതെയാവുന്നതോട് കൂടി മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവുന്നതിനുള്ള ശ്രമങ്ങൾ നടക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
“മലയാളത്തിൽ നല്ല സിനിമകളുണ്ടാകുന്നതിനുവേണ്ടി വലിയ ശ്രമവും ഒടിടി ഇല്ലാതാകുന്നതോടെ നടക്കും. തിയേറ്ററിൽ ഉടമകൾ മുടക്കിയതു കോടികളാണ്. അതു തിരിച്ചുകിട്ടാൻ വഴിയൊരുങ്ങും. ആയിരക്കണക്കിന് ആളുകളുടെ ജീവിതവും മെച്ചപ്പെടും. ഒടിടികൾ പിന്മാറിയത് മലയാള സിനിമയുടെ തകർച്ചക്കല്ല, മറിച്ച് നല്ലകാലത്തിനാണ് തുടക്കമിടുന്നത്.
പല സിനിമകളിൽ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ചില ഒടിടികളുടെ വിലയിരുത്തൽ. 27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയിൽ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തിൽ താഴെ മാത്രമാണ്.
ഇടനിലക്കാരായ ഏജന്റുമാരാണ് നിർമ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മത്രമല്ല ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മീഷൻ കൊടുത്തു. ഇത്തരത്തിൽ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്. വമ്പൻ ഹിറ്റ് സിനിമകൾ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.” എന്നാണ് മാതൃഭൂമിയോട് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്.